എറണാകുളം: അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി എറണാകുളം ജില്ല.

ജില്ലയിലെ വിവിധ തൊഴിലുടമകൾ നേരിട്ട് തങ്ങളുടെ അതിഥി തൊഴിലാളികൾക്ക് നൽകിയ 13330 ഡോസ് ഉൾപ്പടെ 126 ഔട്ട് റീച്ച് വാക്സിനേഷൻ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലാളികൾക്കാണ് വാക്സിനേഷൻ പൂർത്തിയായത്.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ് അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

രണ്ടാം ഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 64% ആണിത്. ഈ മാസം അവസാനത്തോടെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ല ലേബർ ഓഫീസർ പി. എം. ഫിറോസ് പറഞ്ഞു.

റൂറൽ ഹെൽത്ത് മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിനായി ക്ലിനിക്ക് ഓൺ വീൽസ് അതിഥി തൊഴിലാളികൾക്കുള്ള ആദ്യ വാക്സിനേഷൻ ക്യാമ്പും പ്രവർത്തനം ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ അതിവേഗം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തൊഴിൽ വകുപ്പിന്റെയും നേതൃത്വത്തിൽ ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം കരയോഗത്തിന്റെയും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്ലിനിക്ക് ഓൺ വീൽസ് പദ്ധതി നടപ്പിലാക്കുന്നത്. സെപ്തംബർ 30ന് അകം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് തീരുമാനം.

Content Highlights:Guest vaccine completed 50000 dose in ernakulam