തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. നഷ്ടപരിഹാരത്തിന് സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കേന്ദ്രം വായ്പയെടുത്ത് നഷ്ടം നികത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം വായ്പയെടുക്കുമ്പോള്‍ സംസ്ഥാനങ്ങളേക്കാള്‍ പലിശ ചെലവ് കുറയും. സംസ്ഥാനം വായ്പയെടുക്കുമ്പോള്‍ കേന്ദ്രത്തിനു ലഭിക്കുന്നതിനേക്കാള്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ പലിശ അധികം കൊടുക്കേണ്ടിവരും.  കേന്ദ്രത്തിന് ആറ് ശതമാനത്തിന് വായ്പ കിട്ടുമ്പോള്‍ സംസ്ഥാനത്തിന് 7 മുതല്‍ 9 ശതമാനം വരെ പലിശ കൊടുക്കേണ്ടിവരും. മാത്രമല്ല, സംസ്ഥാനം വായ്പയെടുക്കുമ്പോള്‍ കേന്ദ്ര അനുമതിയും ആവശ്യമാണ്. സംസ്ഥാനങ്ങള്‍ വായ്പയെടുക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല നിലപാടുളള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും കേന്ദ്രത്തെ കേരളം നിലപാട് അറിയിക്കുമെന്നും ഐസക് പറഞ്ഞു.

Content Highlights:GST Compensation: Minister Thomas Isaac criticises Centre