
Photo:ANI
തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജി.എസ്.ടി. നഷ്ടപരിഹാരം പൂര്‍ണ്ണമായും കേന്ദ്രം നല്‍കിയേ മതിയാകൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാനങ്ങള്‍ക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാരിനേക്കാള്‍ 1.52 ശതമാനം പലിശ നല്‍കേണ്ടതായി വരും. കേന്ദ്ര സര്‍ക്കാര്‍ വായ്പ പരിധി എത്ര ശതമാനം ഉയര്‍ത്തുമെന്നത് അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ വിധം വായ്പ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അത്രയും സാധാരണഗതിയിലുള്ള വായ്പയില്‍ നിന്ന് വെട്ടിക്കുറയ്ക്കപ്പെടും.
ഒരോ സംസ്ഥാനത്തിനുമുള്ള നഷ്ടപരിഹാരത്തില്‍ വലിയ ഏറ്റകുറച്ചിലുകളുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനകമ്മിയിലെ ഇളവ് വ്യത്യസ്തവുമായിരിക്കും. ഇങ്ങനെ മാറ്റുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേരളത്തിന്റെ നിലപാടാണ് സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ കേന്ദ്രം പുതിയ സിദ്ധാന്തവുമായി വന്നു. ജി.എസ്.ടി. വരുമാനനഷ്ടത്തെ രണ്ടായി കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാധാരണഗതിയില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ കാര്യങ്ങള്‍ നടക്കുമായിരുന്നെങ്കില് ഉണ്ടാകുന്ന നഷ്ടവും കോവിഡ് മൂലമുണ്ടാകുന്ന നഷ്ടവും വേര്‍തിരിച്ച് വേണം നഷ്ടപരിഹാരം കണക്കാക്കാനെന്നാണ് കേന്ദ്രത്തിന്റെ വാദം. സാധാരണഗതിയിലുണ്ടാകുന്ന നഷ്ടത്തിന് കേന്ദ്രം വായ്പയെടുത്ത് നല്‍കാമെന്നും കോവിഡ് മൂലമുണ്ടായ നഷ്ടത്തിന് സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തം വഹിക്കണമെന്നുമാണ് പറയുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തെ നഷ്ടപരിഹാരത്തിനുള്ള തുക പൂര്‍ണ്ണമായും കടമെടുക്കുന്നതിന് റിസര്‍വ് ബാങ്കുമായി കേന്ദ്രം നേരിട്ട് സഹായം നല്‍കുമെന്നാണ് മറ്റൊരു നിര്‍ദേശം. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് നിര്‍ദേശങ്ങളിലും തിരിച്ചടവ് സെസ് ഫണ്ടില്‍ നിന്നായിരിക്കും. ഇതിനായി സെസ് പിരിവ് നിലവിലെ കാലാവധി അഞ്ച് വര്‍ഷത്തില്‍നിന്ന് മൂന്ന് വര്‍ഷം കൂടി ഉയര്‍ത്തുമെന്നും പറയുന്നു.
ജി.എസ്.ടി. നഷ്ടപരിഹാരം കോവിഡ് മൂലമുള്ളത്, സാധാരണരീതിയിലുള്ളത് എന്നിങ്ങനെ വേര്‍തിരിക്കുന്നത് നിയമപരമല്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. നഷ്ടപരിഹാരത്തിന് കേന്ദ്രം വായ്പ എടുത്ത് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി. കൗണ്‍സിലില്‍ സമാന നിലപാട് സ്വീകരിച്ച ധനമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരേയും ഏകോപിപ്പിച്ച് ഒരു തീരുമാനമെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: GST compensation; Central violates constitution-cm pinarayi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..