തിരുവനന്തപുരം: വി.എം സുധീരനെതിരെ ഒന്നിച്ച് പടനയിച്ച കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ സുധീരന്റെ രാജിയോടെ വീണ്ടും അകന്നു. കെ.എസ്.യു തിരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ വീതംവെക്കാനുള്ള ഐ ഗ്രൂപ്പിന്റെ സമവായ ഫോര്‍മുല തള്ളി മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങി എ ഗ്രൂപ്പ് പതിനാലില്‍ 11 ജില്ലകളിലും അധ്യക്ഷ പദം നേടിയതോടെയാണ് വീണ്ടും ഗ്രൂപ്പ് പോര് രൂക്ഷമാകുന്നത്. അതോടെ പുതിയ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ അടക്കം എ ഗ്രൂപ്പുമായി യാതൊരു സഹകരണവും വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. 

നേരത്തെ കെഎസ്യു തിരഞ്ഞെടുപ്പില്‍ എട്ട് ജില്ലകള്‍ എ യ്ക്കും ആറെണ്ണം ഐയ്ക്കും വിട്ടു കൊടുത്തു കൊണ്ട് മത്സരമൊഴിവാക്കണം എന്ന അഭിപ്രായമായിരുന്നു ഐ ഗ്രൂപ്പിന്. ഇതിനായി അണിയറയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിട്ടുവീഴ്ച്ചകള്‍ക്കില്ലെന്നും മത്സരിച്ചു ജയിച്ചോളാമെന്നുമുള്ള നിലപാടാണ് എ ഗ്രൂപ്പ് സ്വീകരിച്ചത്. 

പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞ ഉമ്മന്‍ ചാണ്ടി സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് എ ഗ്രൂപ്പ് യോഗങ്ങളില്‍ പങ്കെടുക്കുകയും ഗ്രൂപ്പ് സംവിധാനം ചലനാത്മകമാക്കുകയും ചെയ്തു. ഇതിന്റെ ഫലമെന്നോണം ഭൂരിപക്ഷം ജില്ലകളിലും കെഎസ്യു കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പിനായി. എല്ലാ ജില്ലാ കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതോടെ പതിനാലില്‍ പതിനൊന്ന് ജില്ലകളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എ ഗ്രൂപ്പിന്റെ കണക്കു കൂട്ടല്‍. 

മികച്ച തയാറെടുപ്പോടെ കെഎസ് യു തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലുള്ള എ ഗ്രൂപ്പ് സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യം വീണ്ടും ശക്തമാക്കിയേക്കും.

കെഎസ്യു തിരഞ്ഞെടുപ്പിലേറ്റ ഈ തിരിച്ചടിയോടെ ഇനി എ ഗ്രൂപ്പുമായി സഹകരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഐ ഗ്രൂപ്പിന്റെ സ്വന്തം തട്ടകമായ തൃശ്ശൂര്‍ അടക്കമുള്ള ജില്ലകളില്‍ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണവും അവര്‍ മുന്‍പോട്ട് വയ്ക്കുന്നു. 

ദീര്‍ഘനാളായി വിദേശത്ത് ചികിത്സയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങിയ സോണിയാ ഗാന്ധിക്ക് ആദ്യം തീര്‍ക്കേണ്ട ജോലികളില്‍ ഒന്ന് കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നാമനിര്‍ദേശം ചെയ്യുക എന്നതാണ്. 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടി, കെവി തോമസ്, വിഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കായി ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ച സ്ഥിതിക്ക് പാര്‍ട്ടി അധ്യക്ഷ സ്ഥാനം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പ് പരസ്യമായി എതിര്‍പ്പുന്നയിക്കുന്നില്ലെങ്കിലും ഹൈക്കമാന്‍ഡ് തങ്ങളുടെ അഭിപ്രായം തേടുകയാണെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ എതിര്‍ത്തേക്കുമെന്നാണ് സൂചന. 

പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാവാനുള്ള സാധ്യതകള്‍ ഇതോടെ തീര്‍ത്തും ഇല്ലാതെയാവും. 

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റ് നിര്‍ണയത്തെ ചൊല്ലി രാഹുലുമായി ഇടഞ്ഞ ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിന് ശേഷവും കെപിസിസിയോടും ഹൈക്കമാന്‍ഡിനോടും നിസ്സഹകരണം തുടര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ഒരു രീതിയിലും സഹകരിക്കാതെ വന്നതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ വിഎം സുധീരന്‍ നിര്‍ബന്ധിതനായതും. 

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പിണക്കി കേരളത്തിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചേക്കില്ല. 

വ്യക്തിപരമായി വിഡി സതീശനോടാണ് രാഹുലിന് താത്പര്യമെങ്കിലും ഈ നീക്കത്തെ എ ഗ്രൂപ്പ് എതിര്‍ക്കും എന്നുറപ്പാണ്. വിഎം സുധീരന്റെ രാജിക്ക് ശേഷവും പദവികള്‍ ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച സാഹചര്യത്തില്‍ കെവി തോമസ് പാര്‍ട്ടി അധ്യക്ഷനാവാനും സാധ്യതകളേറെയാണ്.