തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ വിജയം നേടാനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്ലാ മേഖലകളിലും ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. തുടക്കത്തില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കണക്കുകള്‍ കൃത്യമായി വന്നതോടെ ഇടതുപക്ഷം നേടിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നും മികവാര്‍ന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അതിനു വേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പും നടത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഡിസംബര്‍ 22ന്  രാവിലെ 10 മണിക്ക് കൊല്ലത്ത് തുടക്കമാകും. അന്നു വൈകുന്നേരം നാലിന് പത്തനംതിട്ടയിലും മുഖ്യമന്ത്രിയെത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമാകും പര്യടനം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

26ന് രാവിലെ 10.30 കണ്ണൂരും വൈകുന്നേരം നാലിന് കാസര്‍കോടും സന്ദര്‍ശനം നടത്തും. 27ന് കോഴിക്കോടും വയനാടും സന്ദര്‍ശിക്കും. 28ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 29ന് തൃശൂരും സന്ദര്‍ശിക്കും. 30ന് രാവിലെ എറണാകുളത്തെയും വൈകിട്ട് ആലപ്പുഴയിലെയും ചര്‍ച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും.

Content Highlights: Great victory in local body election says A.Vijayaraghavan