കൊച്ചി: പോലീസുകാരന്‍ ആത്മഹത്യ ചെയ്തു. കടവന്ത്ര സ്റ്റേഷനിലെ എ എസ് ഐയായ പി എം തോമസാണ് സ്റ്റേഷന് പിന്നില്‍ തൂങ്ങി മരിച്ചത്. തോമസ് പ്രതിയായ വിജിലന്‍സ് കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെയാണ് സംഭവം.

2008 ലാണ് എറണാകുളം മുളവ്കാട് സ്വദേശിയായ തോമസിനെ വിജിലന്‍സ് കൈക്കൂലി വാങ്ങിയതിന് പിടികൂടിയത്. ഈ കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് 53 കാരനായ തോമസ് സ്റ്റേഷന് പിന്നില്‍ തൂങ്ങിമരിച്ചത്.

ഗ്രേഡ് എഎസ്‌ഐയായ തോമസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നു. മൂന്നുമണിയോടെ ഡ്യൂട്ടികഴിഞ്ഞ് പുറത്തേക്ക് പോയ തോമസിന്റെ മൃതദേഹം രാവിലെ ഡ്യൂട്ടിക്കെത്തിയ സഹപ്രവര്‍ത്തകരാണ് ആദ്യം കണ്ടത്.

കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നടക്കാനിരിക്കുന്ന വിചാരണക്കും മറ്റുമായി തോമസ് ഇന്ന് മുതല്‍ 13 ദിവസത്തേക്ക് അവധി വാങ്ങിയിരുന്നതായി ഡിസിപി ആര്‍ കറുപ്പ സ്വാമി പറഞ്ഞു.

ഇന്‍ക്വിസ്റ്റ് നടപടികള്‍ ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.