കോഴിക്കോട്: പാഠ്യേതര രംഗങ്ങളില്‍ മികവ് തെളിയിച്ചതിന് പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് ഡിഗ്രി പ്രവേശനത്തിന് വീണ്ടും ഗ്രേസ് മാര്‍ക്ക് നല്‍കുന്നു. ഒരേ ഇനത്തിന് രണ്ടുതവണ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുകാരണം പ്ലസ് ടുവിന് നൂറുശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ ഡിഗ്രി പ്രവേശന റാങ്ക് ലിസ്റ്റില്‍ പിന്തള്ളപ്പെടുന്നു.

എന്‍.സി.സി., എന്‍.എസ്.എസ്., സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവയില്‍ അംഗങ്ങളായവര്‍ക്കും യൂത്ത് ഫെസ്റ്റിവല്‍, ശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ തുടങ്ങിയവയില്‍ അര്‍ഹത നേടിയവര്‍ക്കും ഗ്രേസ് മാര്‍ക്കിന് അവകാശമുണ്ട്. പ്ലസ്ടു മാര്‍ക്ക് ഷീറ്റില്‍ത്തന്നെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തുന്നുണ്ട്. അതിനുശേഷം ഇതേ കുട്ടികള്‍ ഡിഗ്രിക്ക് അപേക്ഷിക്കുമ്പോള്‍ എന്‍.സി.സി., എന്‍.എസ്.എസ്., പോലീസ് കാഡറ്റ് തുടങ്ങിയവയ്ക്ക് വീണ്ടും ഗ്രേസ് മാര്‍ക്ക് നല്‍കുന്നു. 

ഡിഗ്രി പ്രവേശനത്തിനുള്ള ഇന്‍ഡക്‌സ് മാര്‍ക്ക് സര്‍വകലാശാല തയ്യാറാക്കുന്‌പോള്‍ ഗ്രേസ് മാര്‍ക്ക് ചേര്‍ത്താണ് പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഫലത്തില്‍ ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നുണ്ട്. എന്‍.സി.സി., എന്‍.എസ്.എസ്. തുടങ്ങിയവയില്‍ അംഗങ്ങളായവര്‍ക്ക് ഡിഗ്രി പ്രവേശനത്തിന് 15 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി അനുവദിക്കുന്നത്. 

പാഠ്യേതരരംഗത്ത് മികവ് തെളിയിച്ചതിന് രണ്ടുതവണ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന രീതി വര്‍ഷങ്ങളായി തുടരുകയാണ്. എല്ലാ വിഷയത്തിലും നൂറുശതമാനം മാര്‍ക്കു വാങ്ങി വിജയിച്ച കുട്ടി ഡിഗ്രി പ്രവേശന റാങ്ക് പട്ടികയില്‍ ചിലപ്പോള്‍ താഴേക്കുപോവുകയും രണ്ടുതവണ ഗ്രേസ് മാര്‍ക്ക് കിട്ടുന്നവര്‍ മുന്നിലെത്തുകയും ചെയ്യുന്ന സ്ഥിതി. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ധരിപ്പിച്ചിട്ടുണ്ടെങ്കിലും പിഴവ് തിരുത്താന്‍ തയ്യാറായിട്ടില്ല.

മാറ്റംവരുത്തേണ്ടത് സര്‍ക്കാര്‍

കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ഇതേ രീതിയിലാണ് പ്രവേശനം നടത്തുന്നത്. സര്‍വകലാശാലാ അക്കാദമിക് കൗണ്‍സിലിന്റെ ശ്രദ്ധയില്‍ ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരാണ് മാറ്റംവരുത്തേണ്ടത്. സര്‍വകലാശാലകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. 

-സി.എല്‍. ജോഷി, രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല

നടപടി ശരിയല്ല

ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് ശരിയല്ല. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന രീതിയെന്നതുകൊണ്ട് ഇത് തിരുത്താതിരിക്കുന്നത് അനീതിയാണ്.

-പ്രൊഫ. വര്‍ഗീസ് മാത്യു, പ്രസിഡന്റ്, കേരള എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍

Content Highlights: grace marks for students