വി.ഡി സതീശൻ: ഫയൽ ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം: ഭരണത്തിന്റെ ഭാഗമായി സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയില്‍ ലഹരി കേസില്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാനും ചേര്‍ത്തുനിര്‍ത്താനുമായി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തിക്കൊണ്ട് പറഞ്ഞു.
ആലപ്പുഴയില്‍ അറസ്റ്റിലായ പ്രതികള്‍ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്നും ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.
മുന്‍ മന്ത്രി ജി സുധാകരനും ചിത്തരഞ്ജന്‍ എം.എല്‍.എയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാര്‍ട്ടിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. അപ്പോള്‍ ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താന്‍ സജി ചെറിയാന്റെ നേതൃത്വത്തില്‍ 34 പേരുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പുറത്തുവിട്ടു. പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം മാത്രമായിരുന്നെങ്കില്‍ പ്രതിപക്ഷം ഇടപെടില്ലായിരുന്നു. പക്ഷെ രണ്ട് വിഭാഗങ്ങളും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വന്നതിന് പിന്നാലെ ഷാനവാസിന് ഒരു പങ്കുമില്ലെന്ന തരത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇയാളുടെ മാഫിയാ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത് മാധ്യമങ്ങളില്‍ വന്നതാണ്. ഒരു പൊതുപ്രവര്‍ത്തകന് ഉണ്ടാകേണ്ട ധാര്‍മ്മികതയോ പൊതുമൂല്യങ്ങളോ കാത്തു സൂക്ഷിക്കാതെ ഗുണ്ടാ- ലഹരി മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഉണ്ടാക്കുന്ന പണം ബിനാമി ഇടപാടുകള്‍ക്കായി ഷാനവാസ് ഉപഗിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇത്തരമൊരു റിപ്പോര്‍ട്ടുണ്ടായിട്ടാണ് ഷാനവാസിനെതിരെ ഒരു തെളിവും ഇല്ലെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറയുന്നത്.
ലഹരി വിരുദ്ധ കാമ്പയിന് എക്സൈസ് മന്ത്രിയാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ ഇത്രയും ആത്മാര്‍ത്ഥത പോര. വേണ്ടപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള കാമ്പയിന്‍ നടത്തുന്നത് ആത്മാര്‍ത്ഥതയല്ല. അത്തരം കാമ്പയിനില്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകില്ല. സത്യസന്ധമായ കാമ്പയിന്‍ നടത്തിയാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
Content Highlights: Govt tries to save CPM leader in drug case; Anti-drug campaign to deceive people- vd Satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..