തിരുവനന്തപുരം: ശബരിമല വിമാനത്താവളവത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുളള തീരുമാനം എടുത്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലകന്റെ ഉത്തരവ് വന്നിരിക്കുന്നത്. ചെറുവളളി എസ്‌റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ആണ് ഏറ്റെടുക്കുക.

2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവാശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുള്ളതാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ സര്‍ക്കാര്‍ പാലാ കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കേയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. 

Content Highlights: Govt to acquire cheruvally estate for Sabarimala airport