പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മിഷന് അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്.അനില്‍ അറിയിച്ചു.
റേഷന്‍വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തടഞ്ഞുവെച്ച 15.05 കോടിയുള്‍പ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷന് മുഴുവന്‍ നല്‍കുമെന്ന വാഗ്ദാനമാണു സര്‍ക്കാര്‍ പാലിച്ചത്.
2022-23 സാമ്പത്തിക വര്‍ഷം റേഷന്‍ വ്യാപാരി കമ്മിഷന് ഇനത്തില്‍ 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു.
എന്നാല്‍ കേന്ദ്രപദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മിഷന് തുക ബജറ്റില്‍ വകയിരുത്തിയിരുന്നില്ല. പദ്ധതി പ്രകാരമുള്ള റേഷന്‍ വ്യാപാരി കമ്മിഷന് കൂടി ഉള്‍പ്പെടുമ്പോള്‍ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു. കമ്മിഷന് ഇനത്തില്‍ സെപ്റ്റംബര്‍ മാസം വരെ 196കോടി രൂപ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പ്രതിമാസം 18,000 രൂപ കമ്മിഷന് കിട്ടേണ്ട റേഷന്‍ വ്യാപാരികള്‍ക്ക് കേന്ദ്രപദ്ധതി കൂടി ചേരുമ്പോള്‍ ഇരട്ടി തുക കമ്മിഷനായി ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അധികമായി അനുവദിച്ച PMGKAY പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മിഷന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നതിന് കാത്തു നില്‍ക്കാതെ വ്യാപാരി കമ്മിഷന് മുഴുവന്‍ തുകയും മുടക്കം കൂടാതെ നല്കിവന്നു. ഒക്ടോബര്‍ മാസം മുതല്‍ കമ്മിഷന് നല്‍കുന്നതിന് 100 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരികയും ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ധനകാര്യ വകുപ്പ് അധിക തുക അനുവദിക്കുകയും ചെയ്തു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കമ്മിഷന് കാലതാമസം കൂടാതെ ഒരുമിച്ച് വ്യാപാരികള്‍ക്ക് ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ റേഷന്മേഖലയ്ക്കുള്ള ഫണ്ട് ധനവകുപ്പ് വെട്ടിക്കുറച്ചിരുന്നു. ഒക്ടോബറില്‍ കമ്മിഷനായി നല്‍കേണ്ട തുകയില്‍ 51 ശതമാനം കുറവാണു ഭക്ഷ്യവകുപ്പ് വരുത്തിയത്. 29.51 കോടി രൂപ ലഭിക്കേണ്ടിടത്ത് 14.46 കോടിയാണ് അനുവദിച്ചിരുന്നത്. ബാക്കി എപ്പോള്‍ നല്കുമെന്നു വ്യക്തമാക്കാതെയായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ നടപടിക്കെതിരേ ഭരണാനുകൂല റേഷന്‍വ്യാപാരി സംഘടനകളടക്കം നവംബര്‍ 26 മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി.
മന്ത്രി ജി.ആര്. അനില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ 30-നകം മുഴുവന്‍ തുകയും നല്‍കാമെന്ന് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തില്‍നിന്ന് വ്യാപാരികള്‍ പിന്മാറിയത്. പണം ലഭ്യമായില്ലെങ്കില്‍ 30-നു തുടര്‍സമരം ആസൂത്രണം ചെയ്യാനിരിക്കെയാണ് വരുന്ന മാര്‍ച്ചുവരെയുള്ള തുക പൂര്‍ണമായി അനുവദിച്ചത്.
Content Highlights: Govt keeping its promise to ration traders-Allowed full commission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..