തിരുവനന്തപുരം: സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ച സുപ്രീം കോടതി നടപടി നല്ല തീരുമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഈ രാജ്യത്ത് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. എല്ലാവര്‍ക്കും അവരവരുടെ വീടിനകത്ത് അവരവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ അവകാശമുണ്ട്. മനുഷ്യന്റെ അന്തസിനെ മാനിക്കുന്ന വിധിയാണിത്-തരൂര്‍ പറഞ്ഞു.

ഏത് സര്‍ക്കാരിനും ജനങ്ങളുടെ ബെഡ്‌റൂമിലും വീട്ടിലും കടന്ന് കയറാനുള്ള അവകാശമില്ല. ജനാധിപത്യത്തില്‍ സ്വകാര്യ ജീവിതത്തിന് അവകാശമുണ്ട്. അതില്‍ സര്‍ക്കാരിന് അഭിപ്രായം പറയാനോ അത് ക്രിമിനല്‍ കുറ്റമാക്കി അവരെ അറസ്റ്റ് ചെയ്യാനോ അവകാശമില്ല. അതാണ് ഇന്ന് കോടതി വ്യക്തമാക്കിയത്. ഞാന്‍ പാര്‍ലമെന്റിലും ഇതാണ് പറയാന്‍ ശ്രമിച്ചത്. സമത്വവും സ്വകാര്യതയും അന്തസും എല്ലാവര്‍ക്കും വേണം. ചിലര്‍ അതിനെ വെറും സെക്‌സിന്റെ വിഷയമാക്കിയാല്‍ ശരിയാകില്ല. ഇത് രാജ്യത്തിന്റെ ഭരണഘടനയുടെ വിഷയമാണ്-തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി രണ്ട് തവണ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോളും ബി.ജെ.പി അതിനനുവദിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനാകില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കേണ്ടി വരുമെന്നും താന്‍ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് വഴി നിയമഭേദഗതി കൊണ്ടുവരാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. ഭരണകക്ഷിയിലുള്ള പലര്‍ക്കും എല്‍.ജി.ബി.ടി സമൂഹത്തോട് വെറുപ്പാണെന്നും അതു കൊണ്ടാണ് അവര്‍ തന്നെ ബില്ല് അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്നും തരൂര്‍ കുറ്റപ്പെടുത്തി.