തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങുന്നു. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് കടകവിരുദ്ധമായാണ് കാറുകള്‍ വാങ്ങാനൊരുങ്ങുന്നത്. എട്ട് കാറുകളാണ് വാങ്ങുന്നത്. ഡല്‍ഹി കേരളാ ഹൗസില്‍ അടക്കമാണ് കാറുകള്‍ വാങ്ങുന്നത്.
നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥനയ്ക്കിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചത്. തന്ത്രപ്രധാന ആവശ്യങ്ങള്‍ക്ക് മാത്രമേ കാറുകള്‍ വാങ്ങുകയുള്ളുവെന്നായിരുന്നു ധനമന്ത്രിയുടെ വാദം.
ചിലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്നും പകരം കരാര്‍ അടിസ്ഥാനത്തില്‍ കാറുകള്‍ ഉപയോഗിക്കുമെന്നുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചതിനൊപ്പം സമര്‍പ്പിച്ച ഉപധനാഭ്യര്‍ഥനയില്‍ എട്ട് പുതിയ കാറുകള്‍ വാങ്ങാനാണ് തുക അനുവദിച്ചത്.
റെഗുലേറ്ററി അതോറിറ്റികള്‍ക്ക് മാത്രമാണ് പുതിയ കാറുകള്‍ എന്നാണ് ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചത്. മറ്റുള്ളവര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലാകും കാറുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നികുതി കമ്മീഷണര്‍, തദ്ദേശ ഓംബുഡ്‌സ്മാന്‍, ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഡല്‍ഹി കേരളാ ഹൗസിലെ ഗുണഭോക്താവ്, കോട്ടയത്തെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്കായാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ ആദ്യത്തെ മൂന്ന് പേര്‍ ഒഴികെ മറ്റുള്ളവര്‍ റെഗുലേറ്ററി അതോറിറ്റകളുടെ പരിധിയില്‍ എങ്ങനെ വരുമെന്ന് ധനവകുപ്പ് വിശദീകരിക്കേണ്ടി വരും.
ഡല്‍ഹി കേരളാ ഹൗസിലേക്ക് വാങ്ങുന്ന വാഹനം സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി അഡ്വ. എ. സമ്പത്തിന് വേണ്ടിയാണെന്നാണ് ആരോപണം.
അതേസമയം ഏതുതരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കായി ടോക്കണ്‍ തുക അനുവദിച്ചിട്ടുമുണ്ട്. വാഹനത്തിന്റെ വില അനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.
Content Highlights: Govt decided to purchase 8 new car amid economic crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..