ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: PTI
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇടതു മുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തന്റെ മേല്‍ തീര്‍ക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ലെന്നും താന്‍ ആത്മവിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്ഷന് നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണര്‍ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന് വിമര്‍ശിച്ചിരുന്നു. മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണ് ഗവർണർ. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അത് എക്സിക്യൂട്ടീവിന്റെ അധികാരത്തില്‍ പെട്ടതാണെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: governor reply to kanam rajendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..