തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഭരണഘടനാ അധികാരത്തെ മറികടന്നുകൊണ്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'ഭൂരിപക്ഷമുളള ഗവര്‍ണ്‍മെന്റ് നിയമസഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സാഹചര്യത്തിലും നോ പറയാന്‍ സാധിക്കില്ല. അതുപറഞ്ഞത് ഭരണഘടനാ വിരുദ്ധമാണ് സര്‍ക്കാരിനോടുളള തെറ്റായ സമീപനമാണ്. അതിനെ അതിശക്തമായി എതിര്‍ക്കണമായിരുന്നു. അത് എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് പോലെയാണ് മൃദുസമീപനം കാണുമ്പോള്‍ തോന്നുന്നത്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയനായി നിന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.' ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാനും കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചിരുന്നു. ബുധനാഴ്ചയാണ് സമ്മേളനം ചേരാനിരുന്നത്. കേരള ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത്. രണ്ടുതവണ വിശദീകരണം തേടിയശേഷമായിരുന്നു ഗവര്‍ണറുടെ നടപടി.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയതിനെതിരേ ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമങ്ങളെ നിയമസഭ എതിര്‍ക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 

Content Highlights: Governor denied permission for special  assembly session, Oommen Chandy criticises Governor