ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Sabu ScariaMathrubhumi
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവനെ നിയന്ത്രിക്കാന്‍ ഗവണ്മെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.
എങ്ങനെയാണ് വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും വി.ഡി. സതീശന് ചോദിച്ച് മനസ്സിലാക്കണം. ബാലന് ഇപ്പോഴും ബാലനായി പെരുമാറുന്നു. അദ്ദേഹം വളരാന്‍ ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ഗവര്‍ണര്‍ പരിഹസിച്ചു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെപ്പറ്റിയുള്ള ആക്ഷേപം അദ്ദേഹം വീണ്ടും ഉന്നയിച്ചു. രണ്ടുവര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നു. ഈ രീതി റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം എന്ന് താന്‍ ആവശ്യപ്പെട്ടു.
പലരും കാര്യം അറിയാതെയാണ് പ്രതികരിക്കുന്നത്. സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ഒരു കേന്ദ്ര മന്ത്രിക്കുപോലും 12 പേഴ്സണല്‍ സ്റ്റാഫാണ് ഉള്ളത്. പക്ഷെ സംസ്ഥാനത്തെ പല മന്ത്രിമാര്‍ക്കും അതില്‍ കൂടുതല്‍ പേഴ്സണല്‍ സ്റ്റാഫുണ്ട്. ഇക്കാര്യത്തില്‍ താന്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനക്ക് എതിരാണ് ഇക്കാര്യങ്ങള്‍. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാകില്ല.
അതുപോലെ തന്നെ കേരള സര്‍ക്കാരിന് രാജ്ഭവന് നിയന്ത്രിക്കാന്‍ അവകാശവുമില്ല. എന്നാല്‍, പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് എന്തിന് ആവശ്യപ്പെടണം ? രാജ്ഭവനെ നിയന്ത്രിക്കാനും ഉപദേശിക്കാനും ഗവണ്മെന്റ് ഉദ്യോഗസ്ഥന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: governor attacks government again slams vd satheeshan and ak balan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..