ഗവര്‍ണര്‍ക്കെതിരേ ഇടതും വലതും ഒറ്റക്കെട്ടായി; ഗവര്‍ണറെ വിരട്ടുന്നെന്ന് ബി.ജെ.പി.


ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ

ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: അവഹേളിച്ചാല്‍ മന്ത്രിമാരെ തെറിപ്പിക്കുമെന്ന പ്രസ്താവനയെത്തുടര്‍ന്ന് ഗവര്‍ണറെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഇടത്-വലതു മുന്നണികള്‍. ഗവര്‍ണറെ പിന്തുണച്ച് ബി.ജെ.പി.യും എത്തിയതോടെ രാഷ്ട്രീയകേരളം ചേരിതിരിഞ്ഞു. മന്ത്രിമാരെ ഉപയോഗിച്ച് മുഖ്യമന്ത്രി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പി.യില്‍ നിന്നുള്ള പ്രതികരണം. ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ഭരണഘടനാപദവിക്കു ചേര്‍ന്നവിധത്തിലല്ല ഗവര്‍ണര്‍ പെരുമാറുന്നതെന്ന് പി.ബി. പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ''മന്ത്രിസ്ഥാനം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഏകാധിപത്യപരമായ അധികാരങ്ങള്‍ ഭരണഘടനയില്‍ ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ല. പ്രസ്താവനയിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ പക്ഷപാതവും എല്‍.ഡി.എഫ്. സര്‍ക്കാരിനോടുള്ള ശത്രുതയുമാണ് പുറത്തുവന്നത്. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഇടപെട്ട് കേരള ഗവര്‍ണറെ വിലക്കണം'' -സി.പി.എം. ആവശ്യപ്പെട്ടു.ആരുടെയും മന്ത്രിപദവി റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഭരണഘടന പറയുന്നത് അനുസരിച്ചേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാവൂ എന്നും സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യം നിലവില്‍വന്നിട്ട് കാലംകുറേയായെന്ന് കാനം ഗവര്‍ണറെ ഓര്‍മിപ്പിച്ചു.

ഭരണഘടനയ്ക്ക് മുകളിലല്ല ഗവര്‍ണറെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. അധികാരപരിധി ലംഘിച്ചാല്‍ ഗവര്‍ണര്‍ക്ക് ബഹുമാനം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ ട്വീറ്റില്‍ ഒരു മന്ത്രിയെക്കുറിച്ചുമാത്രമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. മന്ത്രിമാരാരും പ്രശ്‌നമുണ്ടാകുന്ന രീതിയില്‍ സംസാരിച്ചിട്ടില്ല, സംസാരിക്കുകയുമില്ല. സംയമനപൂര്‍വമാണ് എല്ലാവരും സംസാരിച്ചിട്ടുള്ളതെന്നും ബിന്ദു പറഞ്ഞു.

ഭീഷണിപ്പെടുത്തുന്നു

മുഖ്യമന്ത്രി മന്ത്രിമാരെക്കൊണ്ട് ഗവര്‍ണറെ വിരട്ടുകയാണ്. വിരട്ടിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്

-വി. മുരളീധരന്‍, കേന്ദ്രമന്ത്രി

മന്ത്രിമാരെ ഗവര്‍ണര്‍ക്ക് പിന്‍വലിക്കാനാകില്ല

മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ല. ഭരണഘടനയില്‍ ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും സ്ഥാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അല്ലാതെ ഗവര്‍ണര്‍ക്ക് ഇഷ്ടമില്ലെന്നുകരുതി അദ്ദേഹത്തിന്റെ ''പ്ലഷര്‍'' ഉപയോഗിച്ച് മന്ത്രിമാരെയൊന്നും പിന്‍വലിക്കാനാകില്ല. ഗവര്‍ണര്‍ നടക്കാത്ത കാര്യങ്ങളെക്കുറിച്ച് പറയുകയല്ല വേണ്ടത്

-വി.ഡി. സതീശന്‍, പ്രതിപക്ഷനേതാവ്

കേരളയിലെ വി.സി. നിയമനം: സെര്‍ച്ച് കമ്മിറ്റി കാലാവധി മൂന്നുമാസത്തേക്ക് നീട്ടി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നവംബര്‍ അഞ്ചുമുതല്‍ മൂന്നുമാസത്തേക്കുകൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീട്ടി.

ഓഗസ്റ്റ് അഞ്ചിനാണ് സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനംചെയ്തത്. കോഴിക്കോട് ഐ.ഐ.എം. ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയെ ഗവര്‍ണറുടെ പ്രതിനിധിയായും കര്‍ണാടക കേന്ദ്രസര്‍വകലാശാല വി.സി. ഡോ. ബട്ടു സത്യനാരായണയെ യു.ജി.സി. പ്രതിനിധിയായും നിശ്ചയിച്ചു.

പ്രതിനിധിയെ നിശ്ചയിച്ചുനല്‍കാന്‍ ഗവര്‍ണര്‍ കേരള സര്‍വകലാശാലയോടും നിര്‍ദേശിച്ചു.

എന്നാല്‍, ഇതുവരെയും സര്‍വകലാശാല പ്രതിനിധിയെ തീരുമാനിച്ചിട്ടില്ല. നവംബര്‍ നാലിന് വീണ്ടും സെനറ്റ് വിളിക്കാനാണ് തീരുമാനം.

സെനറ്റ് അംഗത്വം റദ്ദായവര്‍കോടതിയിലേയ്ക്ക്
പി.കെ. മണികണ്ഠന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സെനറ്റില്‍ നിന്നും പിന്‍വലിക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഗവര്‍ണറുടെ ഏകപക്ഷീയ നടപടിക്കു നിന്നു കൊടുക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. അംഗത്വം റദ്ദായവരില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ടു സി.പി.എമ്മുകാരും ഉള്ളതിനാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും പുറത്താക്കപ്പെട്ടവര്‍ക്കുണ്ട്.

ഗവര്‍ണര്‍ പിന്‍വലിച്ച 15 പേരില്‍ നാലു വകുപ്പു മേധാവികളെയും ഉള്‍പ്പെടുത്തിയതില്‍ ചട്ടലംഘനമുണ്ടെന്നും വിലയിരുത്തലുണ്ട്. 'എക്സ് ഒഫീഷ്യോ അംഗങ്ങള്‍' എന്ന നിലയിലാണ് വകുപ്പു മേധാവികള്‍ സെനറ്റ് അംഗങ്ങളായത്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തു വന്നവരല്ല. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കുള്ള വ്യവസ്ഥ എക്സ് ഒഫീഷ്യോ അംഗങ്ങള്‍ക്കു ബാധകമല്ല. അതിനാല്‍, ഗവര്‍ണറുടെ നടപടി നിയമപരമായി നിലനില്‍ക്കില്ല. ഡോ. കെ.എസ്. ചന്ദ്രശേഖര്‍, ഡോ.കെ. ബിന്ദു, ഡോ. സി.എ. ഷൈല, ഡോ.ബിനു ജി.ഭീംനാഥ് എന്നിവരാണ് നടപടിക്കു വിധേയരായവര്‍.

ഇതിനിടെ, കേരള സര്‍വകലാശാലാ വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയുടെ കാലാവധി 24-ന് അവസാനിക്കുന്നതിനാല്‍ താത്കാലിക ചുമതലയുള്ളയാളെ നിശ്ചയിക്കാന്‍ സര്‍ക്കാരും നീക്കം തുടങ്ങി. മഹാത്മാഗാന്ധി സര്‍വകലാശാലാ വി.സി. ഡോ. സാബു തോമസ്, കാലടി സംസ്‌കൃത സര്‍വകലാശാലാ വി.സി. ഡോ.എം.വി. നാരായണന്‍ എന്നിവരാണ് പരിഗണനയിലുള്ളവരെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു.

ഗവര്‍ണറെ വിമര്‍ശിച്ചും പിന്നീട് പിന്‍വലിച്ചും മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചും പിന്നീടത് പിന്‍വലിച്ചും മന്ത്രി എം.ബി. രാജേഷ്. വിമര്‍ശനങ്ങള്‍ ആരുടെയും പദവി ഇടിച്ചു താഴ്ത്തുന്നില്ലെന്നും അന്തസ്സോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറെ തെരുവുഗുണ്ടയെന്നു വിളിച്ചത് ഏതെങ്കിലും മന്ത്രിയല്ല, ഗവര്‍ണറാണ്.

ഒരു മന്ത്രിയും ഒരാള്‍ക്കെതിരേയും അത്തരമൊരു ഭാഷ കേരളത്തില്‍ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്‌കാരമല്ല. ജനാധിപത്യത്തില്‍ ഗവര്‍ണറുടെ പ്ലഷര്‍ എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ 'അഭീഷ്ടം' അല്ലെന്ന് വിനയത്തോടെ ഓര്‍മിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഭരണഘടനയുടെ 164-ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ സുപ്രീംകോടതി വിധികളും ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണറുടെ പേരില്‍ ഇതുപോലെയുള്ള ട്വീറ്റ് തയ്യാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കമേല്‍പ്പിക്കുന്നത്, മന്ത്രിമാരല്ല. അവരെ ഗവര്‍ണര്‍ കരുതിയിരിക്കുന്നത് നന്നായിരിക്കും -മന്ത്രി കുറിച്ചു.

ഗവര്‍ണറുടെ പ്രസ്താവനയില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും പ്രതികരണം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് മന്ത്രി മാതൃഭൂമിയോടു പറഞ്ഞു. പി.ബി.യുടെ പ്രസ്താവന ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.

Content Highlights: Governor Arif Muhammed Khan CPM Congress BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented