ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്സ്ലര് ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്കാന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചുരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്സ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്കിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.
എന്നാല്‍ യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് പരാതി. പരാതിയില്‍ കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യുജിസി ചട്ടങ്ങള്‍ പൂര്‍ണമായും അവഗണിച്ച് പ്രിയയ്ക്ക് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..