ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഒരുമണിക്കൂര്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ചു.
മുഖ്യമന്ത്രി രാജ്ഭവനിലെത്തി അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടില്‍ ഉറച്ച് നിന്നു. ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയക്കുകയും ചെയ്തു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. അവസാന മണിക്കൂറില്‍ ഗവര്‍ണര്‍ ഇടഞ്ഞതോടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വഴികള്‍ തേടി. ഗവര്‍ണര്‍ വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി എ.കെ ജി സെന്ററിലെത്തി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.
അനുരഞ്ജനത്തിന്റെ ഭാഗമായി കത്തയച്ച ജ്യോതിലാലിനെ മിന്നല്‍ വേഗത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ ഫോണില്‍ വിളിച്ച് വീണ്ടും സംസാരിച്ചു. ഗവര്‍ണറുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നുവെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു
ജ്യോതിലാലിനെ മാറ്റിയതോടെ ഗവര്‍ണര്‍ വഴങ്ങി. വൈകുന്നേരം 6.32 ഓടെ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. അതോടെ ഒരുമണിക്കൂര്‍ നേരം നീണ്ട അനിശ്ചിതത്വത്തിനും പ്രതിസന്ധിക്കും പരിഹാരമായി. സര്‍ക്കാരിനും ആശ്വാസമായി
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
പെന്‍ഷന്‍ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ല. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. പേഴ്‌സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഒരു നാണവുമില്ലാത്ത ഏര്‍പ്പാടാണത്-- മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ക്ക് കൈമാറുകയും ഗവര്‍ണര്‍ അത് സഭയിലെത്തി വായിക്കുകയും ചെയ്യുന്നതാണ് നിലവിലെ കീഴ്വഴക്കം. എന്നാല്‍ നയപ്രഖ്യാപനം അംഗീകരിക്കാന്‍ ഉപാധിവെച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഇത് അംഗീകരിക്കുമോ അതല്ലെങ്കില്‍ മറ്റേത് രീതിയിലാകും പ്രതികരിക്കുക എന്നതും കണ്ടറിയേണ്ടതാണ്. നാളെ ഗവര്‍ണര്‍ സഭയിലെത്തുമോ എന്നത് ഇതോടെ ആകാംക്ഷയായി.
Content Highlights: Governor Arif Mohammad Khan policy speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..