ആരിഫ് മുഹമ്മദ് ഖാൻ| ഫോട്ടോ: സാബു സ്‌കറിയ
ന്യൂഡൽഹി: ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ഭേദഗതിയടക്കം സംസ്ഥാന സർക്കാർ സമർപ്പിച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിന്റെകൂടെ പോകാൻ താൽപ്പര്യമില്ല. നമ്മൾ ഒരു ജനാധിപത്യവ്യവസ്ഥിതിയിലാണ് ജീവിക്കുന്നത്. ഞാൻ എന്റെ ജോലിചെയ്യുകയാണ്. എന്നെ ആരും നിയന്ത്രിക്കുന്നില്ല. ഞാൻ എന്റെ തീരുമാനങ്ങളും ബോധമുള്ള കാര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. അവർക്ക് എന്നെ വിമർശിക്കാം, നിരസിക്കാം. ചെയ്യാൻ പറ്റുന്നതെന്തും ചെയ്യാം', ഗവർണർ പറഞ്ഞു.
അതേസമയം, ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ കാണാത്ത ഒരു റിപ്പോർട്ടിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലാവധി കഴിയുന്ന 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായിരുന്നു. ഓർഡിനൻസുകൾ പുനർ വിളംബരംചെയ്യാൻ വിസമ്മതിച്ചതോടെ ഗവർണറും സർക്കാരുമായുള്ള ഏറ്റുമുട്ടൽ പുതിയ വഴിത്തിരിവിലെത്തി.
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓർഡിനൻസാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. ലോകായുക്ത വിധിക്കുമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന വിവാദ ഭേദഗതിയായിരുന്നു നിലവിൽവന്നത്. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓർഡിനൻസുകൾക്ക് സാധുതയുണ്ടായിരുന്നത്. അവ റദ്ദായതോടെ ഈ ഓർഡിനൻസുകൾ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ് നിലനിൽക്കുക.
അതേസമയം, ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം വിളിക്കാൻ ധാരണയായി. നിയമ നിർമ്മാണത്തിന് മാത്രമായി പത്ത് ദിവസം സഭ ചേരാനാണ് തീരുമാനം.
Content Highlights: Governor arif mohammad khan press meet - ordinance controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..