തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുള്ളവരെ ഒഴിവാക്കും. മറ്റുള്ളവരെല്ലാം വാക്‌സിനെടുക്കണം. അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. 

സ്‌കൂള്‍ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും കോവിഡ് വാക്‌സിനെടുത്തിട്ടില്ല. സ്‌കൂള്‍ തുറക്കുംമുമ്പ് അധ്യാപകര്‍ വാക്‌സിനെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒരുവിഭാഗം ഇതിന് തയ്യാറായിട്ടില്ല. അരോഗ്യപ്രശ്‌നങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലുമാണ് ഈ വിമുഖത.

ഇതോടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന് സർക്കാർ നിലപാടെടുത്തത്. അടുത്ത ദിവസം തന്നെ ഇതിനായുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കും. 
 
വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഭൂരിപക്ഷം അധ്യാപക-അനധ്യാപക ജീവനക്കാരും സഹകരിക്കുമ്പോഴാണ് ചിലര്‍ മാറിനില്‍ക്കുന്നത്. വാക്‌സിനെടുക്കാത്ത അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

Content Highlights: Government will take action against teachers who do not take the vaccine