തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റിന്റെ പണം സംസ്ഥാന സര്‍ക്കാര്‍ ആരില്‍നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാര്‍ പത്തു ലക്ഷം രൂപയുടെ ചെക്കുമായി കളക്ടറേറ്റുകളില്‍ കയറിയിറങ്ങിയിട്ടും പണം വാങ്ങാന്‍ ആരും തയ്യാറാകുന്നില്ല എന്നകാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.

'അവരുടെ കയ്യില്‍ പണമില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പണം അവരുടെ കയ്യില്‍തന്നെ നില്‍ക്കട്ടെ. സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ യാത്രയ്കക്കുള്ള  പണം നല്‍കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പണം വാങ്ങാനും തയ്യാറല്ല. അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ ബാധ്യതയില്‍പ്പെട്ട കാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ കക്ഷിയല്ല. അതിനാല്‍ ആരുടെയും പണം വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് ഇതിന് പിന്നിലെന്ന ആരോപണം അദ്ദേഹം തള്ളി. ഇത് തന്റെ വ്യക്തിപരമായ കാര്യമല്ല. വ്യക്തിപരമായ കാര്യങ്ങളിലാണ് അഭിമാനത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രശ്‌നമുള്ളത്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ അഭിമാനം എല്ലാവര്‍ക്കും ഉള്ളത് നല്ലതാണ്. നാട്  ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിപക്ഷത്തെ നേതാക്കളെ അധിക്ഷേപിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടി നല്‍കേണ്ടത് മാധ്യമ പ്രവര്‍ത്തകരാണ്. തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് തനിക്കറിയില്ല. 

ഇരിക്കുന്ന കസേരയെപ്പറ്റി ബോധ്യമില്ലാത്ത തരത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തോടും അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇരിക്കുന്ന കസേരയെപ്പറ്റി വ്യക്തമായ ബോധ്യത്തോടെയാണ് സംസാരിക്കുന്നത്. അല്ലെങ്കില്‍ തനിക്ക് മറ്റു പലതും പറയാനുണ്ടായിരുന്നു. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കുന്നുള്ളു.

സംസ്ഥാനത്ത് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാത്തതിനെപ്പറ്റി ആര്‍ക്കും ആശങ്കവേണ്ട. മദ്യനിരോധനത്തിലേക്കൊന്നും സംസ്ഥാനം പോകാന്‍ ഉദ്ദേശിക്കുന്നില്ല. തത്കാലം തുറക്കുന്നില്ല എന്നുമാത്രമെ ഉള്ളൂവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍ | Read More..

കേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി  | Read More..

സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി  | Read More..

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല; അമിത വില ഈടാക്കിയാല്‍ നടപടി- മുഖ്യമന്ത്രി | Read More..

കേന്ദ്രം കണ്ണൂരിനെ ഒഴിവാക്കി; കണ്ണൂരില്‍ ഇറങ്ങാന്‍ 69,179 പ്രവാസികള്‍: മുഖ്യമന്ത്രി | Read More..

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും | Read More..

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍നിന്നു വരുന്നവര്‍ ഒരാഴ്ച്ച സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം | Read More..

കോണ്‍ഗ്രസുകാരുടെ പണം കയ്യിലിരിക്കട്ടെ; സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങില്ല- മുഖ്യമന്ത്രി  | Read More..

Content  Highlights: Government  will not accept money from  DCCs for migrant workers train ticket - CM