തിരുവനന്തപുരം: മസാല ബോണ്ട് അന്വേഷണത്തില്‍ ഇ.ഡി.ക്കെതിരേ നിയമസഭയില്‍ വീണ്ടും അവകാശലംഘന നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍. നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്.

നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ. സര്‍ക്കാരിന് വേണ്ടി സ്പീക്കറെ സമീപിക്കും. എം.സ്വരാജ് എംഎല്‍എ ചട്ടലംഘന നോട്ടീസ് നല്‍കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 

സംസ്ഥാനങ്ങള്‍ വിദേശവായ്പ എടുക്കാന്‍ പാടില്ലെന്ന ചട്ടം കേരളം മസാലബോണ്ടിലൂടെ ലംഘിച്ചുവെന്ന സി.എ. ജി. പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നീക്കം.

ഇതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി. അടുത്തഘട്ടത്തില്‍ കിഫ്ബിയോടും ധനവകുപ്പിനോടും ഇ.ഡി. രേഖകള്‍ ആവശ്യപ്പെടാം. റിസര്‍വ് ബാങ്ക് മസാലബോണ്ടിന് അനുമതി നല്‍കിയത് സംശയാസ്പദമാണെന്നു സി.എ.ജി. നിരീക്ഷിച്ചിരുന്നു.

ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ടതിന് ഇ.ഡി.ക്കെതിരേയുള്ള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇ.ഡി.യുടെ മറുപടി മാധ്യമങ്ങള്‍ക്കു ചോര്‍ന്നതിനെക്കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഫയല്‍ ആവശ്യപ്പെടുന്നതുപോലെയല്ല, നിയമസഭയില്‍ ഇനിയുമെത്താത്ത റിപ്പോര്‍ട്ടിന്റെ പേരിലെ അന്വേഷണം അസാധാരണമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Content Highlights:Government to issue infringement notice against ED