തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത രീതിയിലുള്ള മാസ്‌ക് വില്‍പന ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്ത് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ റോഡിന്റെ വശങ്ങളിലായി മാസ്‌കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സുരക്ഷിതത്വമില്ലാത്ത ഇത്തരം വില്‍പനകള്‍ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാസ്‌ക് മുഖത്ത് വച്ചുനോക്കി ചേരുമോ ഇല്ലയോ എന്ന് പരിശോധിച്ച് ചേരില്ല എന്നു കണ്ടാല്‍ തിരിച്ചുകൊടുത്ത് ചിലര്‍ പോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അത്യന്തം അപകടകരമാണ്. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത മാസ്‌ക് വില്‍പന അനുവദിക്കാന്‍ കഴിയില്ല - മുഖ്യമന്ത്രി പറഞ്ഞു. 

മാസ്‌കിനെ സംബന്ധിച്ച് പുലര്‍ത്തേണ്ട ജാഗ്രത ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവുന്നതെന്നും അതുകൊണ്ടുതന്നെ മാസ്‌ക് വില്‍പന സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണം എന്ന നിര്‍ദ്ദേശം ജനങ്ങള്‍ പൊതുവെ നല്ല നിലയിലാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌കിന്റെ ഉത്പാദനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ചുരുക്കം ചിലര്‍ ഇപ്പോഴും മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ക്ക് Click