തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഞായറാഴ്ചയാണ് ചര്‍ച്ച നടത്താന്‍ നിശ്ചയിരിക്കുന്നത്. 

പ്രശ്‌നപരിഹാരത്തിന് അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. 

കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമും നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇന്നലെ ഉത്തരവായി വന്നിരുന്നു. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സമരം തുടരുകയാണ്.  

നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് ലിസ്റ്റില്‍നിന്ന് പരമാവധി നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ നിലപാടെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ മറുപടി മാത്രമാണ് പുറത്തുവന്നതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയായ ലയാ രാജേഷ് പറഞ്ഞു. 

Content Highlights: Government to hold discussion with PSC Rank Holders