തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേടുകളില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച 100 കോടി രൂപ കാണാനില്ലെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍ സി.എം.ഡി. ബിജു പ്രഭാകര്‍ ഐ.എ.എസ്. നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമടക്കമുള്ള ക്രമക്കേടുകളാണ് അന്വേഷിക്കുക. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

ക്രമക്കേട് അന്വേഷിക്കുമെന്ന കാര്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് അറിയിച്ചത്.  പ്രാഥമിക അന്വേഷണത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ച 100 കോടി രൂപ കാണാതായതടക്കം ഗുരുതര വീഴ്ചകള്‍  കണ്ടെത്തിയതായി ഗതാഗതമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടത്തിവര്‍ക്കെതിരെ സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ വിജിലന്‍സ് അന്വേഷണം അടക്കം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ഫലപ്രദമായ അന്വേഷണത്തിലൂടെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഏത് തരം അന്വേഷണമെന്ന തീരുമാനം വൈകാതെ ഉണ്ടാകും.

content highlights: government to enquire about 100 crore rupee missing issue in ksrtc