തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പോളിറ്റ് ബ്യൂറോ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭായോഗത്തിന് ശേഷം വിഎസ്സുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വിഎസ്സിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ തീരുമാനമെടുക്കുക എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു.

വിഎസ്സിന് പദവി നല്‍കുമ്പോള്‍ പിണറായി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്ന രീതിയിലായിരിക്കും കാര്യങ്ങള്‍ പരിഗണിക്കുക. പാര്‍ട്ടി വക്താക്കളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് സര്‍ക്കാരിനു മുകളിലോ മുഖ്യമന്ത്രിക്കു താഴെയോ ആയിരിക്കില്ല വിഎസ്സിന്റെ പദവി.