തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ബുധനാഴ്ച തന്നെ ഇതിനുള്ള നടപടികളുണ്ടാവും. പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചമൂലമാണ്‌ ശ്രീറാമിന് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

സെഷന്‍സ് കോടതിയിലാവും അപ്പീല്‍ നല്‍കുക. കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. നടപടികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ശ്രീറാമിന്റെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.

ശ്രീറാം മദ്യപിച്ചിരുന്നില്ല എന്ന രക്ത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രക്ത പരിശോധന ഒന്‍പത് മണിക്കൂര്‍ വൈകിച്ച പോലീസിന്റെ വീഴ്ച ഐ.എ.എസ് ഉദ്യോഗസ്ഥന് തുണയായി. ശ്രീറാം മദ്യപിച്ചിരുന്നു എന്നതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.

Content Highlights: Government to appeal against bail granted to Sriram Venkitaraman