പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച വിവിധപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 1960-ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ ഈ മാസം 23-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
1960-ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ഇതിന്റെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും.
ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും (1500 സ്ക്വയര്‍ ഫീറ്റ് വരെയുള്ളവ) കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി അപേക്ഷാഫീസും ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
മുന്‍പ് കൃഷി ആവശ്യത്തിനായി പതിച്ച് നല്കിയതും എന്നാല്‍ ഇപ്പോള്‍ കൃഷിയില്‍ ഏര്പ്പെടാത്തതുമായ ഭൂമി മറ്റെതെങ്കിലും ആവശ്യത്തിനായി പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തില്‍ (coversion of agricultural land to non agricultural land) നിയമ ഭേദഗതി കൊണ്ടുവരാനും യോഗം തീരുമാനം എടുത്തിട്ടുണ്ട്
1500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്‍ഡുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വ്വചിച്ചിട്ടുള്ളവയാണ് ഇങ്ങനെ ഒഴിവാക്കുക.
സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകുംവിധത്തില് പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ തയ്യാറാക്കാന്‍ റവന്യൂ-നിയമ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടന്‍ ലഭ്യമാക്കി ലാന്‍ഡ് രജിസ്റ്ററില്‍ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടര്‍ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതില്‍ പട്ടയം നല്കാന് ബാക്കിയുള്ളവയില്‍ അടിയന്തര തീരുമാനമെടുക്കാന്‍ റവന്യൂ, വനം വകുപ്പുകളും ജില്ലാ കളക്ടറും കെ.എസ്.ഇ.ബിയും ചേര്‍ന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടര്‍ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്‍കാനാകുമെന്ന് യോഗം വിലയിരുത്തി.
പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ രണ്ടുതരം പ്രശ്നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. 1960 ലെ ഭൂപതിവ് നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്നങ്ങളാണ് രണ്ടാമത്തേത്. രണ്ടാമത്തെയിനത്തില് ഉയര്‍ന്ന ഒന്‍പത് പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
1 ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര് സമര്‍പ്പിച്ച അപേക്ഷകള്‍.
2 ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കല്.
3 ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 അപേക്ഷകള്‍,
4 ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്മുടി ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകള്‍.
5 ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്മേട്, കല്ക്കൂന്തല്, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തന്‍പാറ വില്ലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകള്‍.
6 ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകള്‍.
7 ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) അനുവദിക്കല്‍.
8 ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകള്‍
ഈ വിഷയങ്ങളില്‍ ഉടനെ തീരുമാനമെടുക്കാന്‍ യോഗം നിശ്ചയിച്ചു. ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ.എസ്.ഇ.ബിയും ജില്ലാ കളക്ടറും സംയുക്തമായി ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. ആനവിലാസം വില്ലേജിനെ എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം തീരുമാനം കൈക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
പട്ടയ ഭൂമിയില്‍നിന്ന് ഉടമസ്ഥര്‍ക്ക് മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കാന്‍ റവന്യു, വനം മന്ത്രിമാര്‍ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി കര്‍ഷകരുടെ പരാതികള്‍ വനം വകുപ്പിന് ലഭിച്ചിരുന്നു. ജില്ലയില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉള്‍പ്പെടെയുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു
Content Highlights: government to amend 1960 land assignment act
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..