തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

സരിതനായരുടെ കത്തും അതിന്മേലുള്ള നിഗമനങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങളാണ് ഹൈക്കോടതി നീക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. 

കമ്മീഷന്‍ ഒരു സ്വതന്ത്ര സംവിധാനമാണ്. അതിനാല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ കക്ഷിയാകേണ്ടതില്ല. അപ്പീല്‍ പോയാല്‍ അത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത ലൈംഗിക ചൂഷണ കേസുകളും നിര്‍ത്തിവെക്കും. എന്നാല്‍ മറ്റ് തെളിവുകള്‍ കിട്ടിയാല്‍ ഈ കേസുകള്‍ തുടരാമെന്നാണ് സര്‍ക്കരിന് കിട്ടിയ നിയമോപദേശം.