മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് നല്കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. ഇതനുസരിച്ചാണ് വനംവകുപ്പ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മന്ത്രിതലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയും ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചന് തോമസിനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഉത്തരവില്‍ പറയുന്നു. 1968 ലെ ഓള് ഇന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനമാണ് ബെന്നിച്ചന് തോമസിന്റെ നടപടിയെന്നും ഉത്തരവില്‍ പറയുന്നത്. പിസിസിഎഫ് റാങ്കിലുള്ള വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ബെന്നിച്ചന് തോമസ്.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാനാണ് വൈല്‍ഡ്ലൈഫ് വാര്ഡന് തമിഴ്നാടിന് അനുമതി നല്‍കിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഉത്തരവ് റദ്ദാക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് മരവിപ്പിച്ചാല്‍ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

Content Highlights: Government suspented wildlife wardern and cancelled mullaperiyar tree felling order
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..