കെ.ടി. ജലീലും മുഖ്യമന്ത്രി പിണറായി വിജയനും| File Photo: Mathrubhumi
കൊച്ചി: ലോകായുക്തയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയത് മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെ. ജലീൽ രാജിവച്ചതിന് ശേഷം അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന സിപി സുധാകര പ്രസാദാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. ആ ഘട്ടത്തിലാണ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങള്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വിശദമായി പരിശോധിക്കുന്നത്.
ലോകായുക്ത ആക്ടിലെ സെക്ഷന്‍ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷന്‍ 14 പ്രകാരം ഉത്തരവിറക്കിയാല്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആര്‍ട്ടിക്കിള്‍ 164ന് മുകളില്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്നു എന്നായിരുന്നു സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.
ആര്‍ട്ടിക്കില്‍ 164 പ്രകാരമാണ് മന്ത്രിമാരും മുഖ്യമന്ത്രി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകുന്നത്. ഇത് ഭരണഘടനാപരമായ അധികാരമാണ്. ഗവര്‍ണറുടെ വിശ്വാസമുള്ളടത്തോളം കാലം ഒരു മന്ത്രിസഭയ്ക്ക് തുടരാന്‍ കഴിയും. ഒരു മന്ത്രിക്കും മുഖ്യമന്ത്രിക്ക് വിശ്വസമുള്ളടത്തോളം കാലം തുടരാം. എന്നാല്‍ ലോകായുക്ത ആക്ട് സെക്ഷന്‍ 14 പ്രകാരം ഒരു ഉത്തരവിറക്കിയാല്‍ മന്ത്രിക്ക് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയേ മാര്‍ഗമുള്ളു. അതിനാല്‍ ഇത് ആര്‍ട്ടിക്കില്‍ 164ന് മുകളിലുള്ള അധികാരമായി മാറും.
സംസ്ഥാന നിയമത്തിന് ഇത്തരത്തില്‍ ഭരണഘടനയ്ക്ക് മുകളിലുള്ള സ്ഥാനം നല്‍കാന്‍ കഴിയില്ല. അതിനാല്‍ ആര്‍ട്ടിക്കിള്‍ 164ന് വിരുദ്ധമായിട്ടുള്ള ലോകായുക്ത ആക്ടിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യണമെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്.
അതോടൊപ്പം തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ബിഹാര്‍, മഹാരാഷ്ട്ര അടക്കമുള്ള മറ്റുസംസ്ഥാനങ്ങളിലെ ലോകായുക്ത ആക്ടുകളും ചൂണ്ടിക്കാണിച്ചിരുന്നു. അവിടെയൊന്നും കേരളത്തിലെ സെക്ഷന്‍ 14 പോലുള്ള അധികാര അവകാശങ്ങള്‍ ലോകായുക്തയ്ക്ക് നല്‍കുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
content highlights: government sought legal advice in Lokayukta following the verdict against Jaleel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..