തിരുവനന്തപുരം: കോവിഡ് മരണനിരക്കിലെ ക്രമക്കേട് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവകാശവാദം. കോവിഡ് മഹാമാരിയെ നേരിടുന്നതിന് സര്‍ക്കാരിന് ഒരു ഉപാധികളുമില്ലാതെയുള്ള പിന്തുണയാണ് യുഡിഎഫ് നല്‍കുന്നത്. മരണനിരക്കിനെ കുറിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. മാതാപിതാക്കള്‍ കോവിഡ് മൂലം മരിച്ച് അനാഥരാകുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനഃപൂര്‍വ്വം കുറച്ചാല്‍ ധാരാളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകും. പല ജില്ലകളിലും ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉള്‍പ്പടെ മരണനിരക്കിനെ കുറിച്ചുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരത് ഗൗരവമായി പരിശോധിക്കണം'സതീശന്‍ പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. ക്ഷേമപെന്‍ഷനല്ലാം കൃത്യമായി കൊടുത്തുവെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ വൈകിയ പെന്‍ഷന്‍ നികത്തിയെന്നും പറയുന്നു. ഇത് എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസ്സിലാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

മൂന്ന് കാര്യത്തെ കുറിച്ച് നയപ്രഖ്യാപനത്തില്‍ പ്രതിപക്ഷം എന്ന നിലയില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഒന്നാമത്തേത് ഒരു ആരോഗ്യ പ്ലാനാണ്. ഇതുവരെയുള്ള ഒരു ആരോഗ്യ നയമല്ല നമുക്ക് വേണ്ടത്. ഒരു പുത്തന്‍ ആരോഗ്യനയം കേരളത്തിന് ഉണ്ടാകുമെന്ന് തങ്ങള്‍ കരുതിയിരുന്നു. മൂന്നാം തരംഗം വരുമ്പോള്‍ എന്ത് തയ്യാറെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് ഒരു നയം ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രണ്ടാമത്തേത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. ഇത് രണ്ടാം തവണയാണ് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് കടക്കുന്നത്. കുട്ടികളും മാതാപിതാക്കളും ഇതില്‍ അസ്വസ്ഥരാണ്. ഇതിനായി ഒരു മാര്‍ഗരേഖ വേണ്ടിയിരുന്നു.

മുന്നാമത്തേത്, ഒരു ദുരന്തനിവാരണ മാനേജ്‌മെന്റ് പ്ലാന്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അതും ഉണ്ടായില്ല. കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് കടലാക്രമണവും മറ്റു കെടുതികളും വരുന്നത്. ഇനി ഒരു പ്രളയം കൂടി ഉണ്ടായാല്‍ എങ്ങനെ നേരിടും എന്നതടക്കമുള്ളതിനെ കുറിച്ച് ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ വേണ്ടിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.