പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: മകന്റെ അപേക്ഷ പരിഗണിച്ച്, പരേതരായ ദമ്പതിമാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.വി. ഗോവിന്ദന്. 1969-ല്‍ അമ്പലത്തില്‍ വെച്ച് വിവാഹിതരായ സി. ഭാസ്കരന് നായരുടെയും ടി. കമലത്തിന്റെയും വിവാഹമാണ് 53 കൊല്ലത്തിനു ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.
പാലക്കാട് ശേഖരിപുരം സ്വദേശികളാണ് ഭാസ്കരന് നായരും കമലവും. ദമ്പതിമാരുടെ, മാനസിക വെല്ലുവിളി നേരിടുന്ന മകന് ടി. ഗോപകുമാര്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി പറഞ്ഞു. സൈനികനായിരുന്ന ഭാസ്കരന് നായരുടെ കുടുംബപെന്ഷന് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഗോപകുമാര്‍ അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്കാന് അപേക്ഷ നല്‍കിയത്. പരേതരായ രണ്ടുപേരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത് രാജ്യത്ത് തന്നെ അപൂര്‍വമാണ്.
Also Read
1969 ജൂണ്‍ 4ന് കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഭാസ്കരന് നായരുടെയും കമലത്തിന്റെയും വിവാഹം. അന്നത്തെ കാലത്ത് വിവാഹരജിസ്ട്രേഷന് നിര്‍ബന്ധമല്ലാതിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 1998-ല്‍ കമലവും 2015-ല്‍ ഭാസ്കരന് നായരും മരിച്ചു. സൈനികറെക്കോഡുകളില് ഭാസ്കരന് നായരുടെ കുടുംബവിവരങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബപെന്ഷന് കിട്ടിയില്ല. ഇതിനു പിന്നാലെയാണ് ഗോപകുമാര്‍ അപേക്ഷ നല്‍കിയത്.
വിവാഹിതരില്‍ ഒരാള്‍ മരിച്ചാലും എങ്ങനെ രജിസ്ട്രേഷന് നടത്താമെന്ന് 2008-ലെ കേരള വിവാഹങ്ങള്‍ രജിസ്ട്രേഷന്(പൊതു) ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ, ദമ്പതികള്‍ രണ്ടുപേരും മരിച്ചാല്‍ വിവാഹം എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിയുടെ ഇടപെടല്‍. 2008-ലെ ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ നിലവിലില്ലാത്തതും വിവാഹം നടന്ന കാലത്ത് രജിസ്ട്രേഷന് നിര്‍ബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ് തീരുമാനം.
മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാന്‍ കുടുംബപെന്ഷന് അനിവാര്യമാണെന്ന് കണ്ടാണ് പ്രത്യേക ഇടപെടലെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റുവാനും വേണ്ടിയാണ്. ആവശ്യമായ സാഹചര്യങ്ങളില്‍ മാനുഷിക പരിഗണനയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ദമ്പതികള്‍ക്ക് നേരില്‍ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഈ സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്. ആധുനിക വിവരസാങ്കേതികവിദ്യയുടെ കാലത്ത് നേരില്‍ ഹാജരാകാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന് ചട്ടഭേദഗതി നടത്താന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങള്‍ വിവാഹരജിസ്റ്ററില്‍ ചേര്‍ക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയര്‍ന്നുവന്നിരുന്നു. ഇത് പരിഗണിച്ച് വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന് നിയമനിര്‍മാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചെന്നും മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..