Video grab/mathrubumi news
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ പ്രവേശന സമയത്തില്‍ ആണ്-പെണ് വിവേചനം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആണ്‍കുട്ടികളും രാത്രി ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം 9.30 ആക്കി നിജപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.
ഹോസ്റ്റല്‍ പ്രവേശന സമയത്തില്‍ നിയന്ത്രണം പാടില്ലെന്നാവശ്യപ്പെട്ടുള്ള പെണ്‍കുട്ടികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് ഹോസ്റ്റല്‍ പ്രവേശന സമയം ആണ്‍കുട്ടികള്‍ക്കും കർശനമാക്കിക്കൊണ്ടുള്ള ഉത്തരവ്. ഹോസ്റ്റല്‍ പ്രവേശനത്തിന് സമയപരിധി വെച്ചുകൊണ്ടുള്ള നിയന്ത്രണം പാടില്ലെന്ന പെണ്‍കുട്ടികളുടെ ആവശ്യം പരിഗണിക്കുന്നതിന് പകരം, ആണ്‍കുട്ടികളുടെ സമയംകൂടി വെട്ടിച്ചുരുക്കി പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവേശന സമയത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കര്‍ശന നിയന്ത്രണം ബാധകം. രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് സമയത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രാത്രി 9.30-ന് ശേഷമെത്തുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച് രജിസ്റ്ററില്‍ ഒപ്പുവെച്ച് ഹോസ്റ്റലിനുള്ളിലേക്ക് കയറാം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും കാര്യത്തിന് പുറത്തുപോവണമെങ്കില്‍ രക്ഷിതാക്കളുടെ മുന്‍കൂട്ടിയുള്ള അനുമതിപത്രത്തോടെ പ്രവേശന സമയത്തില്‍ പ്രത്യേക ഇളവ് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള സമയനിയന്ത്രണത്തിനെതിരായിരുന്നു പെണ്‍കുട്ടികള്‍ പ്രധാനമായും സമരംചെയ്തിരുന്നത്. രാത്രി 9.30-നുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്ന നിയന്ത്രണം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ നിലപാട്. സമയ നിയന്ത്രണമില്ലാതെ ആണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കുന്നുവെന്ന കാര്യവും വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ സമയനിയന്ത്രണം പാടില്ലെന്ന വിദ്യാര്‍ഥിനികളുടെ ആവശ്യത്തെ ആണ്‍കുട്ടികളുടെ സമയംകൂടി 9.30 ആയി നിജപ്പെടുത്തി നേരിടാനാണ് സര്‍ക്കാര്‍ ശ്രമം.
അതേസമയം, നേരത്തെതന്നെ ഹോസ്റ്റലിലെ സമയക്രമം 9.30 ആയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഇത് കര്‍ശനമായി നടപ്പാക്കപ്പെടുകയും ആണ്‍കുട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താതിരിക്കുന്നതുമായിരുന്നു പതിവ്. ഈ വിവേചനം പുതിയ ഉത്തരവിലൂടെ അവസാനിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാകുന്നത്.
Content Highlights: government order in medical collge hostel entry time controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..