തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്ഥാപനങ്ങള്‍ അതത് ജില്ലയിലെ ഏറ്റവു കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം/സെറിബ്രല്‍ പാള്‍സി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ഡ്യൂട്ടിയില്‍നിന്ന് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുകയും അവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം. ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കില്ല.

ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓഫീസ് മേധാവികള്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളിലെത്താന്‍ കഴിയാത്ത ജീവനക്കാര്‍ വിവിധ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അവരെല്ലാം വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ ഓഫീസുകളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: Government offices to work regularly from monday