കോഴിക്കോട്:  പിരിച്ചു വിടപ്പെട്ട നിപ തൊഴിലാളികള്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ പന്തല്‍ കെട്ടി സമരം തുടരുന്നതിനിടെ സ്ഥിരം നിയമനമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് സൂചന.

തൊഴിലാളികളെ പിരിച്ച് വിടില്ലെന്നും ഇനിയും താല്‍ക്കാലിക ഒഴിവുകള്‍ ഉണ്ടാവുമ്പോള്‍ ഇവര്‍ക്ക് പ്രാധാന്യം നല്‍കുമെന്നുമാണ് ശനിയാഴ്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജ കോഴിക്കോട് പറഞ്ഞത്. ഇവരുടെ സ്ഥിരം നിയമനത്തിന് ചില നിയമ തടസ്സങ്ങള്‍ഉണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന വന്ന ശേഷം നിപ കാലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴാകുമെന്ന ഉറപ്പിലായതോടെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളികള്‍.

നിലവില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട ഇവര്‍ ഒമ്പത് ദിവസത്തോളമായി മെഡിക്കല്‍ കോളേജിന് മുന്നില്‍ പന്തല്‍ കെട്ടി സമരത്തിലാണ്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ തീരുമാനമെടുക്കുന്നതിനിടയിലാണ് സ്ഥിര നിയമനം എന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന സൂചന മന്ത്രി തന്നെ നല്‍കിയത്. 

സ്ഥിര നിയമനം നല്‍കിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും താല്‍ക്കാലിക നിയമനത്തില്‍ താല്‍പര്യമില്ലെന്നും സമരം ചെയ്യുന്ന തൊഴിലാളികളൊരാളായ ശശിധരന്‍ ചൂണ്ടിക്കാട്ടി. നിപ കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളടക്കമുള്ള 42 പേരാണ് സമരത്തിലുള്ളത്. രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ ആരും രോഗികളെ ശുശ്രൂഷിക്കാതെ വന്നതോടെയായിരുന്നു ജീവന്‍ പണയം വെച്ച് ഇവര്‍ ജോലിക്കെത്തിയത്. 

സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത് എന്നറിഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെ രോഗികളുടെ എല്ലാ കാര്യവും നോക്കിയിരുന്ന ശുചീകരണ തൊഴിലാളികള്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് ഇപ്പോള്‍ സമരത്തിലുള്ളത്. നിപയെ പിടിച്ച് കെട്ടിയ ശേഷം അന്ന് ആരോഗ്യമന്ത്രി തന്നെയായിരുന്നു ഇവര്‍ക്ക് മുന്നില്‍ സ്ഥിര നിയമനം എന്ന വാഗ്ദാനവും വെച്ചത്. 

Content Highlights: Government Not Consider Nipah Workers Need as Confirmed Staff