തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ കൂടുതല്‍ വിവാദത്തിലേക്കു പോകുന്നതിനിടെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനെതിരെ സര്‍ക്കാര്‍ നടപടി വന്നേക്കും. അമേരിക്കന്‍ കമ്പനി ഇഎംസിസിക്ക് വേണ്ടി ട്രോളറുകള്‍ നിര്‍മിച്ച് നല്കാന് കരാര്‍ ഏറ്റെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാല്‍ വിവാദങ്ങള്‍ കെ.എസ്.ഐ.എന്‍.സി മുകളില്‍ ചാരി സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
ഇടത് സര്‍ക്കാരിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമായ നടപടിയാണ് കെ.എസ്.ഐ.എന്‍.സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. അതിനാല്‍ കെ.എസ്.ഐ.എന്‍.സി എംഡിയായ എന്‍.പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. വിവാദങ്ങള്‍ക്ക് കാരണം ട്രോളര്‍ നിര്‍മാണ ധാരണയാണെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്. ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോര്പറേഷന് പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്കിയതും പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കിയതായി വിലയിരുത്തുന്നു.
അമേരിക്കന്‍ കമ്പനി ഇഎംസിസിക്ക് വേണ്ടി 400 ട്രോളറുകളും കപ്പലുകളും നിര്‍മിക്കാനാണ് കെ.എസ്.ഐ.എന്‍.സി ധാരണാ പത്രം ഒപ്പിട്ടത്. കെ.എസ്.ഐ.എന്‍.സി നിര്‍മിക്കുന്ന ട്രോളറുകള്‍ വഴി തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടല്‍ മത്സ്യബന്ധനം നടത്തി അവര്‍ പിടിക്കുന്ന മീനുകള്‍ ഇഎംസിസിയുടെ കപ്പലിന് നല്‍കുകയും അവര്‍ അത് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.
2018ല്‍ ഇതിനെ സഹായിക്കുന്ന തരത്തില്‍ മത്സ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ഇഎംസിസിയുടെ പദ്ധതിയിലും ഈ നയത്തിലും പറയുന്നത് തദ്ദേശീയ മത്സ്യത്തൊഴിലാളികളെ പറ്റിയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ഇതിന് ബലം നല്കുന്ന രീതിയില്‍ കെ.എസ്.ഐ.എന്‍.സി അമേരിക്കന്‍ കമ്പനിക്ക് വേണ്ടി ട്രോളര്‍ നിര്‍മിച്ച് നല്കാന് കരാര്‍ ഏറ്റെടുത്തതും കൂട്ടിവെച്ചാണ് ചെന്നിത്തല ആരോപണമുന്നയിക്കുന്നത്.
ഈ സാഹചര്യത്തില്‍ കെ.എസ്.ഐ.എന്‍.സി എംഡി പ്രശാന്തിന്റെ ഇടപെടലുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന ആളാണ് പ്രശാന്ത്. അതിനാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രശാന്തിന്റെ പങ്കുണ്ടോയെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. ട്രോളര്‍ നിര്‍മാണം ആഴക്കടല്‍ തൂത്തുവാരാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചപ്പോഴും കോര്പറേഷന് എംഡിയായ എന്‍.പ്രശാന്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നത് സംശയം ബലപ്പെടുത്തുന്നു.
വിവാദങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ ഗൂഡാലോചന സംശയിക്കുന്നുണ്ട്. ഇക്കാര്യം മന്ത്രി മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: government may take action against ksinc md n prasanth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..