ഇ. ശ്രീധരൻ | ഫോട്ടോ: മാതൃഭൂമി
മലപ്പുറം: നിലവിലെ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ ) മാറ്റി പുതിയ ഡിപിആർ ഉണ്ടാക്കുകയാണെങ്കിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നിലവിലെ പദ്ധതി അനുസരിച്ച് റെയിൽവേ ബോർഡിന്റെ അനുമതി കിട്ടാൻ പ്രയാസമാണ്. ഡിപിആറിൽ പല അബദ്ധങ്ങളുണ്ട്. അതൊക്കെ തിരുത്താതെ റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സർക്കാർ നടത്താനിരിക്കുന്ന പാനൽ ചർച്ച നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു. പ്രവൃത്തികൾ തുടങ്ങിയതിന് ശേഷമല്ല ചർച്ച നടത്തേണ്ടത്. നിലവിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി കിട്ടുമോ എന്ന കാര്യം തന്നെ സംശയമാണ്. ആദ്യം പ്രോജക്ട് സമർപ്പിച്ച് റെയിൽവേ ബോർഡിന്റെ സമ്മതം വാങ്ങട്ടെ. റെയിൽവേ ബോർഡ് തന്നെ വിളിച്ച് അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നൽകുകയുള്ളൂ എന്നും ഇ ശ്രീധരൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് പാനൽ ചർച്ചയാണ്. അതിൽ പങ്കെടുത്താലും ഇല്ലെങ്കിലും ഒരു മാറ്റവും വരാൻ പോകുന്നില്ല. ഇതിൽ എന്നെ വിളിച്ചാലും പോകില്ലായിരുന്നു. പാനൽ ചർച്ച കൊണ്ട് എന്താണ് ഗുണമുള്ളത്? സർക്കാരിന് ഒരു അന്തിമ തീരുമാനം എടുക്കാൻ സാധിക്കുമോ? അങ്ങനെയാണെങ്കിൽ തീർച്ചയായും വന്നേനെ. ഇപ്പോൾ സർക്കാർ അന്തിമ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ്. അങ്ങനെയുള്ള സ്ഥിതിക്ക് പാനൽ ചർച്ചയിൽ പോകേണ്ട ആവശ്യമില്ല. സർക്കാരിന് എന്റെ കഴിവ് അറിയാം. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മൂന്ന് പ്രാവശ്യം കത്തുകളിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോർട്ടും ഈ റിപ്പോർട്ടും തമ്മിൽ രാവും പകലും വ്യത്യാസമുണ്ട്. ആ പ്രോജക്ട് നിലത്ത് കൂടിയല്ല പോകുന്നത്. എലവേറ്റഡ് അല്ലെങ്കിൽ ഭൂമിക്കടിയിൽ കൂടിയാണ്. മാത്രമല്ല ആ പ്രോജക്ടിന് ഭൂമി ഏറ്റെടുക്കൽ വളരെ കുറവാണ്. പ്രോജക്ടിന്റെ എസ്റ്റിമേറ്റും സാങ്കേതിക വിവരങ്ങളും കൃത്യമായിരുന്നു. എന്നാൽ ഈ പ്രോജക്ട് അങ്ങനെയല്ല.
പുതിയ സിൽവർ ലൈൻ ഡിപിആർ ഉണ്ടാക്കാനും തന്റെ അഭിപ്രായങ്ങളും അറിയാൻ സർക്കാർ സമീപിക്കുകയാണെങ്കിൽ ആ ക്ഷണം തീർച്ചയായും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: the government knows my ability - e Sreedharan interview k rail, silverline
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..