മുഖ്യമന്ത്രി പിണറായി വിജയൻ, മുല്ലപ്പെരിയാർ ഡാം| Photo: Mathrubhumi
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കി മേല്‍നോട്ട സമിതി അധ്യക്ഷന്റെ കത്ത്. മരംമുറി അനുമതിക്ക് മുന്നോടിയായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി എന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. 15 മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബര്‍ മൂന്നിന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്. ബേബി ഡാമും അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജല മന്ത്രാലയവും സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചപ്പോഴാണ് ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കിയ കാര്യം അറിഞ്ഞത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഗുല്‍ഷന്‍ രാജ്, ജല വിഭവ സെക്രട്ടറി ടി.കെ. ജോസിന് സെപ്റ്റംബര്‍ മൂന്നിന് അയച്ച കത്ത്.
തമിഴ്നാട്-കേരള ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ ബേബി ഡാം പ്രദേശത്ത് ജൂണ്‍ 11-ന് സംയുക്ത പരിശോധന നടത്തിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ബേബി ഡാം ശക്തിപ്പെടുത്താന്‍ എത്ര മരങ്ങള്‍ മുറിക്കേണ്ടിവരുമെന്ന് കണക്കെടുക്കാന്‍ ആയിരുന്നു പരിശോധന. 15 മരങ്ങള്‍ മുറിക്കണമെന്ന് സംഘം വിലയിരുത്തി. മരംമുറി അനുമതിക്കായി സംസ്ഥാന വനംവകുപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാനും തീരുമാനിച്ചു. അനുമതി നല്കാന് വനംവകുപ്പിനോട് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്നാണ് നവംബര്‍ ഒന്നിന് ജല വിഭവ സെക്രട്ടറി യോഗംവിളിച്ച് മരംമുറിക്ക് അനുമതി നല്‍കിയത്.
പുതിയ അണക്കെട്ട് വേണമെന്ന് വാദിക്കുകയും ബേബി ഡാം ബലപ്പെടുത്താനുള്ള മരംമുറിക്ക് അനുമതി നല്‍കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിലെ വൈരുദ്ധ്യം ഇതോടെ പുറത്താവുകയാണ്. വിവാദമായതോടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ പുതിയ കത്തും സംസ്ഥാനത്തിന് തിരിച്ചടിയായി. ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ ജോയിന്റ് സെക്രട്ടറിയാണ് ഇന്നലെ സംസ്ഥാനത്തിന് കത്ത് നല്‍കിയത്. ഡാമിലേക്കുള്ള അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തിലുണ്ട്. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് കത്ത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ലെന്നും ഇതോടെ വ്യക്തമാകുന്നു.
content highlights: government knew about mullaperiyar dam tree felling order; reveals letter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..