തിരുവനന്തപുരം:  പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീംകോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുതന്നെ പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

content highlights: government is ready to conduct the plus one examination, says education minister