കോഴിക്കോട്: ആര്യാ രാജീവിന് ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, ആസ്ട്രോബയോളജി പഠിക്കണം, ശാസ്ത്രജ്ഞയാവണം. സെറിബ്രല്‍ പാള്‍സി മൂലമുള്ള ശാരീരിക പരിമിതികള്‍ ഇച്ഛാശക്തിക്കു മുന്നില്‍ തോറ്റപ്പോള്‍ ആഗ്രഹത്തിലേക്കുള്ള പടി കയറുകയാണ് ആര്യ. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ഐസര്‍) ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം നേടി ആര്യ. ഐസറില്‍ പഠിക്കണമെന്നും അതിന് സര്‍ക്കാര്‍ സഹായിക്കണമെന്നും ആര്യയും അച്ഛന്‍ രാജീവും മാതൃഭൂമി ഡോട് കോമിലൂടെ  ആവശ്യപ്പെട്ടിരുന്നു.

''ഐസറിലെ അഞ്ചുവര്‍ഷത്തെ പഠനത്തിന് ശേഷം വിദേശത്തുപോയി ഗവേഷണം നടത്തണം. നാസയിലോ മറ്റോ ഗവേഷണം നടത്താന്‍ പറ്റിയാല്‍ സന്തോഷം'' -അത്താണിക്കലിലെ വീട്ടിലിരുന്ന് പറയുമ്പോള്‍ ആര്യയുടെ സ്വപ്നത്തിന് അതിരുകളില്ല. എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനുമെല്ലാം മുഴുവന്‍ എ പ്ലസും നേടി വിജയിച്ച ആര്യയ്ക്ക് ഐസറില്‍ പ്രവേശനം ലഭിക്കാന്‍ കടമ്പകള്‍ ഏറെയുണ്ടായിരുന്നു.

പ്രവേശന പരീക്ഷയ്ക്ക് അധികസമയം വേണമെന്നും സ്‌ക്രൈബിനെ വെക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആര്യയുടെ ആവശ്യം. ഇത്തരത്തിലുള്ള സൗകര്യം നേരത്തേ ഉണ്ടായിരുന്നില്ല. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴിയാണ് ഐസര്‍ മേധാവികളെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത്. ഒടുവില്‍ ഓരോ മണിക്കൂറിനും 30 മിനിറ്റ് അധികസമയം ലഭിച്ചു. തുല്യയോഗ്യതയുള്ള സ്‌ക്രൈബിനെ വെക്കാനും അനുമതി കിട്ടി. ഭിന്നശേഷി വിഭാഗത്തില്‍ ദേശീയതലത്തില്‍ അഞ്ചാം റാങ്കോടെയാണ് പ്രവേശനം ലഭിച്ചത്.

സ്വന്തം ആവശ്യങ്ങള്‍ക്കും നടക്കാനുമെല്ലാം ആര്യയ്ക്ക് സഹായം വേണം. ശാസ്ത്രപഠനം തുടങ്ങുമ്പോള്‍ സ്വയംപര്യാപ്തയായി മുന്നോട്ടുപോകാന്‍ പറ്റണമെന്നാണ് ആഗ്രഹം. അതിനായി ഫിസിയോതെറാപ്പിയും ഒക്യുപ്പേഷണല്‍ തെറാപ്പിയും ചെയ്യണം. തൃശ്ശൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ പോയെങ്കിലും ചികിത്സ സാധ്യമായില്ല. ഇനി നിംഹാന്‍സിലോ വെല്ലൂരിലോ ചികിത്സ തേടണം.

പഠനകാലത്തുതന്നെ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ആര്യയ്ക്ക് ഐസര്‍ പ്രവേശനത്തിന് സഹായമേകിയത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജല്‍, സി.ആര്‍.സി. ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, ഐ.എസ്.ആര്‍.ഒ.യിലുണ്ടായിരുന്ന ഇ.കെ. കുട്ടി, അധ്യാപകനായ ഷജില്‍ തുടങ്ങിയവരാണ്. യു.എല്‍.സി.സി.എസിന്റെ പ്രോത്സാഹനവും ലഭിച്ചു .

പഠനത്തോടൊപ്പം ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റണമെന്നാണ് ആര്യയുടെയും മാതാപിതാക്കളായ വീട്ടില്‍ തൊടിയില്‍ കെ. രാജീവിന്റെയും എം.കെ. പുഷ്പജയുടെയും ആഗ്രഹം. ഐസര്‍ കാമ്പസില്‍ ആര്യയുടെ സഹായത്തിന് ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍.