തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച  മുതല്‍ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു.  

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി നേരിട്ട് പരസ്യങ്ങളും സ്വീകരിച്ച് തുടങ്ങി. ഇടനിലക്കാര്‍വഴി വന്നിരുന്ന പരസ്യങ്ങള്‍ മുഖാന്തിരം കുറഞ്ഞ തുകയ്ക്കാണ് പരസ്യങ്ങള്‍ സ്വീകരിച്ചു പോന്നത്. ഇതൊഴിവാക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴിയാണ്‌ കെഎസ്ആര്‍ടിസി നേരിട്ട് സ്വീകരിച്ചു തുടങ്ങിയത്‌. 1000 ബസുകളില്‍ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിനായി പിആര്‍ഡി വഴി 1.21 കോടി രൂപയുടെ കരാറില്‍ എത്തി. 

ഇനി മുതല്‍ പരസ്യത്തിനായി പുറം കരാര്‍ നല്‍കില്ല. ഇതുകൂടാതെ ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തില്‍ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യും.  പരസ്യത്തില്‍ നിന്നും 1.7 കോടി രൂപയോളമാണ് പ്രതിമാസം കോവിഡിന് മുന്‍പ് ലഭിച്ചിരുന്നത്. കോവിഡ് കാലത്ത് ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജന്‍സികള്‍ പിന്‍വാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

content highlights: government has sanctioned 70 crore for KSRTC salary distribution