തിരുവനന്തപുരം: സത്സംഗ് ഫൗണ്ടേഷന്‍ സാരഥി ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി അനുവദിച്ച്  സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രതിവര്‍ഷം 34 ലക്ഷം രൂപ പാട്ടത്തിന് 10 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വിലയെന്നും ഉത്തരവില്‍ പറയുന്നു. 

സത്സംഗിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂമി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്ക്കല്‍ വില്ലേജിലെ നാല് ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്.

മൂന്നു വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങള്‍ മുറിക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. സത്സംഗ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഭൂമി അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താനും സമാധാനാന്തരീക്ഷം സ്ഥാപിക്കാനുമായി സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതായുള്ള വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മധ്യസ്ഥനായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് ശ്രീ എമ്മിന്റെ സ്ഥാപനത്തിന് ഭൂമി അനുവദിച്ചത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

Content Highlights: government has issued order allocating four acres to Sri M's Satsang Foundation