തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് സ്‌നേഹില്‍ കുമാര്‍ സിംഗിന് നല്‍കിയിരിക്കുന്നത്. 

ഇതിനിടെ പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിച്ച് മാറ്റാത്തതിനെതിരേ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ഫ്‌ളാറ്റുകള്‍ എന്ന് പൊളിക്കണമെന്ന് വെള്ളിയാഴ്ച വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒഴിഞ്ഞ് പോകില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഫ്‌ളാറ്റ് ഉടമകള്‍.

Content Highlights: Government has Assigned a new officer to demolish maradu flats