തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ മാതൃസംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതില്‍ കേരളസര്‍ക്കാരിന് വന്‍വീഴ്ച പറ്റിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികളെ തിരികെ എത്തിക്കുന്നതിനായി കേരളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന വാര്‍ത്ത് ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കാന്‍ ആരംഭിച്ചിട്ടുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ കാലിയായാണ് തിരിച്ചെത്തുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഈ ട്രെയിനുകളില്‍ തിരികെ കൊണ്ടുവരാവുന്നതാണ്. ഇതിനായി നേരത്തേ റെയില്‍വേ ബോര്‍ഡുമായി ബന്ധപ്പെടേണ്ടതായിരുന്നു.

എന്നാല്‍ മലയാളികളെ തിരികെ എത്തിക്കുന്നതിനായി കേരളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കുറിപ്പില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അത് ശരിയാണെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ ഒരു വീഴ്ചയാണിതെന്നും സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കു വേണ്ടി അടിയന്തിരമായി കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് സ്വകാര്യ വാഹനങ്ങളോ കാറുകള്‍ വാടകയ്‌ക്കെടുത്തോ വരാനുള്ള സാമ്പത്തികം ഉണ്ടാവില്ല. ഇത്തരക്കാര്‍ക്കു വേണ്ടി പ്രത്യേകം നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  

മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടങ്ങിയ സര്‍ക്കുലറില്‍ അപ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകുന്നതിന് കളക്ടറുടെ ഉത്തരവ് വാങ്ങുക എന്നൊക്കെ പറയുന്നത് അപ്രായോഗികമാണ്. 

ചെക്ക് പോസ്റ്റില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ വരെ വന്ന വാഹനം വിട്ട് മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പോകണം എന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്, എന്നാല്‍ എത്ര പേര്‍ക്ക് ഇതിനു കഴിയും. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി സര്‍ക്കുവര്‍ പരിഷ്‌കരിക്കുന്നതില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

സംസ്ഥാനത്തിനകത്ത് ജില്ലകള്‍ മാറി പെട്ടു പോയിട്ടുള്ളവരെയാണ് ആദ്യം അവരുടെ സ്ഥലങ്ങളിലേക്ക് തിരികെ എത്തിക്കേണ്ടത് എന്ന് ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. 

രാജസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനായി പഞ്ചാബില്‍ നിന്നും 250 ബസുകളാണ് വിട്ടത്. നമുക്കും ഇത്തരത്തില്‍ നമ്മുടെ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ട്രെയിന്‍ കിട്ടാത്ത സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി. ബസ് ഉപയോഗപ്പെടുത്താവുന്നതാണ്. 

അഞ്ച് കേന്ദ്രങ്ങളാണ് നമ്മുടെ അതിര്‍ത്തിയില്‍ ഉള്ളത്. കാസര്‍കോട് അതിര്‍ത്തി, മുത്തങ്ങ, വാളയാര്‍, നാഗര്‍കോവില്‍, ആര്യങ്കാവ്. ഈ അഞ്ച് സ്ഥലങ്ങളിലേക്കും പ്രത്യേകം കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തിലുള്ള ഒരു ആലോചനയും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു.  

അതുകൊണ്ട് മാതൃസംസ്ഥാനത്തേക്ക് മടങ്ങിവരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കണം. അതുപോലെ തന്നെ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്ന നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന എല്ലാവരേയും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ കേന്ദ്രം കൈക്കൊള്ളണം. ഇതില്‍ മുന്‍ഗണന തീരുമാനിക്കുന്നതില്‍ തെറ്റില്ല പക്ഷേ മറ്റുള്ളവരെ കൊണ്ടുവരില്ല എന്ന നിലപാട് ശരിയല്ല എന്നു ചെന്നിത്തല പറഞ്ഞു.  

content highlight: government failed bringing back malayalis from other states during lockdown says ramesh chennithala