കൈക്കൂലി കേസിൽ അറസ്റ്റിലായ പി.കെ ബീന ഫോട്ടോ:പി.കൃഷ്ണപ്രദീപ്
കോഴിക്കോട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി.കെ ബീനയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറിന്റേതാണ് അപൂര്‍വമായ വിധി. കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാള്‍ക്ക് അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി ജയില്‍ ശിക്ഷയനുഭവിക്കണം.
2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ ടി.ഭാസ്‌കരനോട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് തന്നെ പ്രത്യേക നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസില്‍ വെച്ച് അന്നത്തെ വിജിലന്‍സ് ഡി.വൈ.എസ്.പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറഞ്ഞത്.
ഇന്ന് കോടതിയിലെത്തിയ ഇവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ തലകറങ്ങി വീണ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ശിക്ഷായിളവ് നല്‍കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെങ്കിലും കോവിഡ് കാലമായതിനാല്‍ പ്രത്യേക നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കൊണ്ടുപോവുക. നിലവില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയാണ് പി.കെ ബീന. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും മറ്റൊരു കേസുകൂടി ഇവര്‍ക്കെതിരേ ഉണ്ട്. പ്രോസിക്യൂഷന് വേണ്ടിപബ്ലിക് പ്രോസിക്യൂട്ടര്‍ ഒ.ശശി ഹാജരായി.
Content Highlights:Government Employee got 7 year Rigorous imprisonment on bribe case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..