കോട്ടയം: മുല്ലരിയാര്‍ സന്ദര്‍ശിക്കാനെത്തിയ എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും  അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറിക്കടക്കം കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. 

നിരവധി തവണ അനുമതിക്കായി ജില്ലാ കളക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാന്‍ ചീഫ് സെക്രട്ടറിക്കായില്ല. കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തര്‍ധാരയുടെ ഭാഗമായാണ് ഈ നടപടിയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാന പോലീസിനാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാ ചുമതല. ജില്ല കളക്ടറോ എസ്.പിയോ ആണ് ഇത് സംബന്ധിച്ച് മറുപടി നല്‍കേണ്ടത്. എന്നാല്‍ ഈ സംഭവത്തില്‍ രേഖാമൂലമുള്ള നിര്‍ദേശങ്ങളൊന്നും പോലീസിനോ വനം വകുപ്പിനോ ലഭിച്ചിട്ടില്ല. 

ഡാം സന്ദര്‍ശിക്കാനായി ബോട്ട് വേണമെന്ന് പ്രേമചന്ദ്രന്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ജില്ലാ കളക്ടറുടേയോ എസ്.പിയുടേയോ അനുമതി വേണമെന്നായിരുന്നു മറുപടി. ഇതിനെ തുടര്‍ന്ന് എസ്.പിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടികളൊന്നും ലഭിച്ചില്ലെന്ന് എം.പിമാര്‍ പറയുന്നു. തുടര്‍ന്ന് അനുമതി ഇല്ലാത്തതിനാല്‍ അങ്ങോട്ട് പോകേണ്ട എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

Content Highlights: NK Premachandran, Mullaperiyar dam