കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് കമ്മീഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്. 

ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി, അങ്ങനെ സമ്മര്‍ദം ചെലുത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്. 

ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി ജസ്റ്റിസ്. വി.കെ. മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുക.

content highlights: government decides to conduct judicial enquiry against ed