തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ സേവന കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗ തീരുമാനം. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്. ഇതോടെ 2023 ജൂണ്‍ വരെ അനില്‍ കാന്ത് ഡിജിപി സ്ഥാനത്ത് തുടരും. 

2022 ജനുവരി 31ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു അനില്‍ കാന്ത്. പോലീസ് തലപ്പത്തേക്ക് എത്തുമ്പോള്‍ ഏഴ് മാസത്തെ സര്‍വ്വീസാണ് അനില്‍കാന്തിന് ബാക്കിയുണ്ടായിരുന്നത്. ഡിജിപിയായി ചുമതലയേറ്റ 2021 ജൂലായ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ സ്ഥാനത്തിരിക്കുന്ന പോലീസ് മേധാവിക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കെങ്കിലും കാലാവധി വേണമെന്ന ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഡിജിപിയുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം. അതേസമയം, എന്ത് അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. 

ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയായ ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും അനില്‍ കാന്തിനുണ്ട്. 

കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങിയെത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

conent highlgihts: government decided to extent DGP Anil Kant service period