തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി സര്‍ക്കാര്‍ ടെലിപ്രോംപ്റ്റര്‍ വാങ്ങുന്നു. 6.26 ലക്ഷം രൂപയ്ക്ക് ടെലിപ്രോംപ്റ്റര്‍ വാങ്ങാന്‍ പിആര്‍ഡിക്ക് അനുമതി നല്‍കി ഉത്തരവായി. പിആര്‍ ചേംബറിലാണ് പ്രോംപ്റ്റര്‍ സ്ഥാപിക്കുക. 

നിലവില്‍ പിആര്‍ ചോംബറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ മുന്നിലുള്ള പേപ്പര്‍ നോക്കിയാണ് കാര്യങ്ങള്‍ വിശദീകരിക്കാറുള്ളത്. ഈ രീതിക്ക് മാറ്റംവരുത്താനാണ് ടെലിപ്രോംപ്റ്റര്‍. ഇതോടെ പേപ്പര്‍ ഇല്ലാതെ മുന്നിലുള്ള സ്‌ക്രീനില്‍ നോക്കി കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിമാര്‍ക്ക് സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനായി ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. 

പ്രോംപ്റ്ററിനായി കെല്‍ട്രോണ്‍ സമര്‍പ്പിച്ച 6,26,989 രൂപയുടെ പ്രൊപ്പോസലിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് സെക്രട്ടറിക്ക് 1 കോടി രൂപ വരെ അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് ടെലിപ്രോംപ്റ്റര്‍ വാങ്ങുന്നത്.

content highlights: government buys teleprompter for official press meet of ministers